തിരുവനന്തപുരം : ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ഇടതുപക്ഷത്തെ നയത്തെക്കുറിച്ച് മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (The Budget Talked About Financial Possibilities In Education). വിദേശ സർവകലാശാലയുടെ കാര്യത്തിൽ അന്തിമ തീരുമാനമല്ല പറഞ്ഞത്. ഇതിനെ കുറിച്ച് സംസ്ഥാനം കൃത്യമായ പരിശോധന നടത്തും. എസ്എഫ്ഐയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം മോശമാണെന്ന് ചിത്രീകരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. വിദേശ സർവകലാശാല സംബന്ധിച്ച വിഷയം ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ചർച്ച ചെയ്തോ എന്ന കാര്യം നിങ്ങൾ അറിയേണ്ട എന്ന് മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രി വിദേശ സർവകലാശാലയുടെ ധനകാര്യം മാത്രമാണ് പറഞ്ഞത്. നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം ; കൂടുതൽ അന്വേഷിച്ച ശേഷം മാത്രം തീരുമാനം - മന്ത്രി ആര്‍. ബിന്ദു :ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കും. ഓരോ കാലത്തും അക്കാലത്തെ മൂർത്തമായ സാഹചര്യം അനുസരിച്ചാണ് നയ രൂപീകരണം ഉണ്ടാകുന്നത്. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിപ്പോയ സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.