എറണാകുളം:മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്‌ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
സമൻസ് സ്‌റ്റേ ചെയ്‌തതായി കണക്കാക്കരുതെന്ന് ഇ ഡി ആവശ്യപ്പെട്ടപ്പോൾ, കടുത്ത നടപടികൾ സ്വീകരിക്കില്ലെന്നുറപ്പാക്കാനാണ് തൽസ്ഥിതി തുടരാൻ നിർദേശം നൽകിയതെന്ന് ജസ്‌റ്റിസ് ടി ആർ രവി ചൂണ്ടിക്കാട്ടി. തുടർന്ന് പുതിയ സമൻസ് ചോദ്യം ചെയ്‌ത് കൊണ്ടുള്ള ഐസക്കിന്‍റെ ഉപഹർജി വിശദ വാദത്തിനായി മാറ്റിയ ഹൈക്കോടതി ഇ ഡി യോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു.
മസാല ബോണ്ട് കേസിൽ ഫെമ നിയമലംഘനം ചൂണ്ടികാട്ടിയാണ് ഇഡി തോമസ് ഐസകിന് നാളെ ഹാജരാകാനായി ഏഴാം തവണ നോട്ടീസ് നൽകിയത്. എന്നാൽ സമൻസ് ചോദ്യം ചെയ്‌ത് കോടതിയിൽ ഹർജിയിരിക്കെ വീണ്ടും സമൻസ് അയക്കുന്നത് കോടതിയോടുള്ള അനാദരവാണെന്നായിരുന്നു ഐസകിന്‍റെ വാദം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കം. ഇഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. പുതിയ സമൻസ് തൻ്റെ പ്രതിച്‌ഛായയെ കളങ്കപ്പെടുത്താനെന്നും ഹർജിയിൽ ഐസക്ക് വാദമുന്നയിച്ചിരുന്നു.
മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനങ്ങൾ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും
കിഫ്ബിയുടെ രേഖാമൂലമുള്ള മറുപടി ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും നേരത്തെയുള്ള ഹർജിയിൽ ഇഡി കോടതിയെ അറിയിച്ചിരുന്നു.
കരുവന്നൂരില്‍ ഇഡിയുടെനിർണായക നീക്കം:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെതിരെ നിർണായക നീക്കവുമായി ഇഡി. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന വിവരവും ഇതേ കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഇഡി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.
സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്കിൻ്റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചുവെന്നും ഇഡി കണ്ടെത്തി. ഓഡിറ്റിൽ നിന്ന് ഈ അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചുവെന്നും ഇഡി വ്യക്തമാക്കുന്നു.
ഇതിനു പുറമെ തൃശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടികാണിക്കുന്നു. നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു.
ALSO READ : മസാല ബോണ്ട്; തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ