എറണാകുളം: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും മറുപടി സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്. ഇസിഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അത് രജിസ്‌റ്റർ ചെയ്‌തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. കൂടാതെ ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നുളള സിഎംആർഎൽ കമ്പനിയുടെ വാദം ശരിയല്ലെന്നും ഇഡി പറഞ്ഞു .
2019 ലെ ആദായ നികുതി റെയ്‌ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. രാഷ്‌ട്രീയ നേതാക്കൾക്കടക്കം പണം നൽകിയെന്ന് സിഎംആർഎൽ എംഡിയും സിഎഫ്ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. വീണാ വിജയൻ്റെ എക്‌സാലോജിക്കിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇഡിയുടെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.