കേരളം

kerala

ETV Bharat / state

ധനസഹായത്തിൽ നിന്ന് കുടിശിക പിടിച്ചു; കേരള ഗ്രാമീണ്‍ ബാങ്കിന് മുന്നിലെ പ്രതിഷേധത്തില്‍ സംഘർഷം, ഒടുവില്‍ ക്ഷമാപണം നടത്തി ബാങ്ക് അധികൃതര്‍ - DYFI Youth Congress Conflict

കൽപറ്റ ഗ്രാമീൺ ബാങ്കിന് മുന്നിലെ പ്രതിഷേധത്തില്‍ സംഘര്‍ഷം. കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിലാണ് സംഘര്‍ഷം.

WAYANAD BANK PROTEST  കൽപറ്റ ഗ്രാമീൺ ബാങ്ക് പ്രതിഷേധം  ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം  GRAMEEN BANK PROTEST WAYANAD
DYFI Youth Congress Conflict (ETV Bharat)

By ETV Bharat Kerala Team

Published : Aug 19, 2024, 12:10 PM IST

Updated : Aug 19, 2024, 2:26 PM IST

കൽപറ്റ ഗ്രാമീൺ ബാങ്കിന് മുന്നിലെ പ്രതിഷേധത്തില്‍ സംഘര്‍ഷം (ETV Bharat)

വയനാട്:ഇടത് - വലത് യുവജനസംഘടനകള്‍ കല്‍പറ്റഗ്രാമീൺ ബാങ്ക് റീജണൽ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ഇന്ന് (ഓഗസ്റ്റ് 19) രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. ഇരു വിഭാഗവും നേർക്കുനേർ വന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

ആദ്യം കൽപറ്റ ഗ്രാമീൺ ബാങ്കിന് മുന്നിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കെട്ടിടത്തിന് അകത്തുകടക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് ആ ശ്രമം തടയുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്‌തു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി ബാങ്കിന് മുന്നിലെത്തി. തുടര്‍ന്ന് ഇരുവിഭാഗവും പരസ്‌പരം വെല്ലുവിളിക്കുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ട് സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുകയായിരുന്നു.

ഇതിനിടയില്‍ യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി ഗ്രാമീൺ ബാങ്ക് റീജണൽ ഓഫിസിലെത്തുകയും ഓഫിസിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയുമുണ്ടായി. ഇതോടെ യൂത്ത് ലീഗ് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധത്തെ തുടര്‍ന്ന് കൽപറ്റ ഗ്രാമീൺ ബാങ്ക് അധികൃതർ ക്ഷമാപണം നടത്തി. നഷ്‌ടപ്പെട്ട എല്ലാവർക്കും തുക തിരികെ നൽകും എന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നിലവിൽ പണം നഷ്‌ടപ്പെട്ടതായി തിരിച്ചറിഞ്ഞവർക്ക് പണം നൽകി എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ബുധനാഴ്‌ച (ഓഗസ്റ്റ് 21) വൈകിട്ടോടെ എല്ലാവരുടെയും പണം തിരികെ നൽകും. തുടർന്നങ്ങോട്ട് ഇഎംഐ ഈടാക്കില്ലെന്നും ബാങ്ക് ഉറപ്പ് നല്‍കി. ബാങ്കിന്‍റെ രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിക്കുന്നെന്ന് സംഘടനകൾ അറിയിച്ചു. ഉറപ്പ് ലംഘിച്ചാൽ ബുധനാഴ്‌ചയോടെ സമരം ശക്തമാക്കുമെന്നും യുവജന സംഘടനകൾ വ്യക്തമാക്കി.

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപ ധനസഹായത്തില്‍ നിന്ന് ഗ്രാമീൺ ബാങ്ക് വായ്‌പ കുടിശിക പിടിച്ച സംഭവമാണ് പ്രതിഷേധത്തിനിടയാക്കിയത്. 1500 രൂപ മുതൽ 5000 രൂപ വരെ ഇത്തരത്തില്‍ ബാങ്ക് പിടിച്ചത്. ബാങ്കിന്‍റെ നടപടിക്കെതിരെ വലിയ രീതിയിലുളള ആക്ഷേപമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നത്. പ്രശ്‌നം വിവാദമായതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ കലക്‌ടറോടു നിർദേശിക്കുകയും ചെയ്‌തു. തുടർന്ന്, പണം തിരിച്ചു നല്‍കാന്‍ ലീഡ് ബാങ്ക് മാനേജർക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകി.

Also Read:പത്തനംതിട്ട സിപിഎമ്മിൽ നടപടി, 2 പേരെ സ്ഥാനങ്ങളിൽ നിന്നും നീക്കി; ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച ജില്ല കമ്മിറ്റി അംഗത്തിന് താക്കീത്

Last Updated : Aug 19, 2024, 2:26 PM IST

ABOUT THE AUTHOR

...view details