തിരുവനന്തപുരം:വിവാദ സിനിമ 'ദി കേരള സ്‌റ്റോറി' ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തം. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ മറികടന്ന് പ്രവർത്തകർ ദൂരദർശൻ ഗേറ്റിന് മുന്നിലേക്ക് എത്തുകയായിരുന്നു.
കേരള സ്‌റ്റോറി മോദിയും സംഘപരിവാറും അപ്പം ചുട്ടെടുക്കുന്നത് പോലെ കേരളത്തിനെതിരെ ഉണ്ടാക്കിയ അഡ്വർടൈസ്മെന്‍റ് ആണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ ഷിജു ഖാൻ പറഞ്ഞു. കേരളത്തിനെതിരെ കരുതിക്കൂട്ടി നുണകൾ പടച്ചുണ്ടാക്കിയ കഥയാണ് ആ സിനിമ. യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത തെറ്റായ കാര്യങ്ങളെ സിനിമ എന്ന വ്യാജേന തയ്യാറാക്കിയ വിദ്വേഷപ്രചരണത്തിന്‍റെ അഡ്വർടൈസ്മെന്‍റ് മാത്രമാണ് കേരള സ്‌റ്റോറിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് സംപ്രേഷണം ചെയ്യാൻ മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്‍റെയും സ്വകാര്യ ഫേസ്ബുക്കോ യൂട്യൂബോ ഉപയോഗിക്കുന്നതു കൊണ്ട് രാജ്യത്തിനു നഷ്‌ടമില്ല എന്നും ഷിജു ഖാൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ പൊതു സ്വത്തായ ദൂരദർശൻ നിങ്ങളുടെ കുടുംബ സ്വത്തല്ല. നിങ്ങളുടെ തറവാട്ട് വകയല്ല. രാജ്യത്തെ ജനകോടികളുടെ പണം കൊണ്ട് ഉണ്ടാക്കിയ സ്ഥാപനമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ അഡ്വർടൈസ്മെന്‍റ് പ്രസിദ്ധീകരിക്കാനുള്ള ബിജെപിയുടെ കാര്യാലമായി ദൂരദർശൻ മാറ്റരുതെന്ന് ഷിജു ഖാൻ പറഞ്ഞു.