തിരുവനന്തപുരം:ജില്ലാ കളക്‌ടർ ആണോ ആറ്റിങ്ങളിലെ സ്ഥാനാർഥിയെന്ന് ചിന്തിച്ചുപോയെന്നും കളക്‌ടർ ആർക്കോ വേണ്ടി വാദിക്കുകയാണെന്നും ആറ്റിങ്ങളിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ട വോട്ട് ഇല്ലെന്നും സ്ഥലം മാറിപ്പോയവരുടെ വോട്ടാണ് ആറ്റിങ്ങലിലുള്ളതെന്നും ഇത് 0.1 ശതമാനം മാത്രമാണെന്നുമുള്ള വരണാധികാരി കൂടിയായ കളക്‌ടർ ജെറോമിക് ജോർജിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് അടൂർ പ്രകാശിന്‍റെ വിമർശനം.
കളക്‌ടർക്ക് എന്ത് സംഭവിച്ചു എന്ന് തനിക്ക് സംശയം തോന്നി. വരണാധികാരി എന്നുള്ള നിലയിൽ അദ്ദേഹം നിഷ്‌പക്ഷതയോടു കൂടി കാര്യങ്ങൾ നിറവേറ്റും എന്നാണ് താൻ കരുതിയത്. പക്ഷേ ആർക്കോവേണ്ടി അദ്ദേഹം വാദിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. സാധാരണഗതിയിൽ ജില്ലാ ഭരണകൂടം സുതാര്യതയോടു കൂടി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ അതിന് ആവശ്യം വേണ്ടുന്ന കളം ഒരുക്കുകയാണ് ചെയ്യേണ്ടത്. അതിന് പകരം ഇവിടെ ഇരട്ട വോട്ടിംഗ് ഇല്ല എന്ന് പറഞ്ഞ് കളക്‌ടർ പ്രചാരകനായി മാറിയത് ഏത് അർത്ഥത്തിൽ ആണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
ആറ്റിങ്ങലിലെ ഇരട്ട വോട്ട് സംബന്ധിച്ച് കോടതി പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണം. താൻ ഉന്നയിച്ച ആക്ഷേപം വോട്ടേഴ്‌സ് ലിസ്‌റ്റിൽ എങ്ങനെ ഒരേ ആൾക്ക് തന്നെ രണ്ടും മൂന്നും ഇടത്ത് വോട്ടേഴ്‌സ് ലിസ്‌റ്റിൽ കടന്നുകൂടി എന്നാണ്. അവർക്ക് ഐഡി കാർഡ് എങ്ങനെ കൊടുത്തു. ഈ ഐഡി കാർഡ് നൽകിയ ഉദ്യോഗസ്ഥൻ ആരാണ്? അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർ ആരാണ്? അവരെ കണ്ടെത്തണം. അവരെപ്പോലുള്ള ആളുകളാണ് തെരഞ്ഞെടുത്ത് അട്ടിമറിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ബൂത്തുകളിലും ഇരട്ട വോട്ടിങ് വന്നിട്ടുള്ളതിനെ കുറിച്ചുള്ള ലിസ്‌റ്റ് തയ്യാറാക്കി ബൂത്തുകളിലും പോളിങ്ങ് ഓഫീസർക്കും നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്‌തമാക്കി.