കേരളം

kerala

ETV Bharat / state

മദ്യപിച്ച് ജോലി ചെയ്‌തു; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണിപോയി - Drunken KSRTC Employees suspended - DRUNKEN KSRTC EMPLOYEES SUSPENDED

മദ്യപിച്ച് ജോലി ചെയ്‌ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജോലി പോയി. നൂറ് ജീവനക്കാര്‍ക്കെതിരെയാണ് വിജിലന്‍സ് സ്പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്‌റ്റിഗേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി നടപടിയെടുത്തത്.

DRUNKEN KSRTC EMPLOYEES SUSPENDED  100 KSRTC EMPLOYEES LOST THEIR JOBS  വിജിലന്‍സ് സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ  കെഎസ്ആർടിസി
100 KSRTC employees lost their jobs, drunken Employees while on duty removed from service due

By ETV Bharat Kerala Team

Published : Apr 16, 2024, 10:20 PM IST

തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും കെഎസ്ആർടിസിയിലെ 74 സ്ഥിരം ജീവനക്കാർക്ക് സസ്പെൻഷൻ. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസിൽ നിന്ന് നീക്കം ചെയ്‌തതായും മാനേജ്മെന്‍റ് അറിയിച്ചു.

100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെയാണ് മാനേജ്മെന്‍റ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം ഏപ്രിൽ ഒന്നു മുതൽ 15 വരെ കെഎസ്ആർടിസി നടത്തിയ വിജിലന്‍സ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്‌റ്റിഗേഷൻ പ്രോഗ്രാമിന്‍റെ ഭാ​ഗമായാണ് നടപടി. 60 യൂണിറ്റുകളിലായി ഒരു സ്‌റ്റേഷൻ മാസ്‌റ്റർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്‍റ്, ഒന്‍പത് സ്ഥിരം മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്‌ടർ, ഒന്‍പത് ബദല്‍ കണ്ടക്‌ടർ, ഒരു സ്വിഫ്റ്റ് കണ്ടക്‌ടർ, 39 സ്ഥിരം ഡ്രൈവർ, 10 ബദല്‍ ഡ്രൈവർ, അഞ്ച് സിഫ്റ്റ് ഡ്രൈവർ കം കണ്ടക്‌ടർ എന്നിവർ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതായി വിജിലൻസ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇതേതുടർന്നാണ് കെഎസ്ആർടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്‍റ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസിൽ നിന്ന് നീക്കം ചെയ്‌തതായും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.

ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന് ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം എം ഡി പ്രമോജ് ശങ്കർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണ്ണമായും കെഎസ്ആർടിസിയിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നും ഇതിനായുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Also Read:അനന്തപുരിയിലെ ഓപ്പൺ ഡബിൾ ഡെക്കർ സൂപ്പര്‍ ഹിറ്റ്; വരുമാനക്കുതിപ്പില്‍ ഡബിൾ ബെല്ലടിച്ച് മുന്നോട്ട്

ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട ഒരു തൊഴിൽ മേഖലയാണ് ഗതാഗത മേഖലയെന്നും, അറിഞ്ഞും അറിയാതെയും ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നൽകിയിട്ടുള്ളതെന്നും, കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ വിഭാഗം ജീവനക്കാർ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവർത്തിച്ചു വരുന്നതായി കാണപ്പെടുന്നുവെന്നും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. അത് ഒരുതരത്തിലും അനുവദിച്ചു നൽകാനാകില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details