തിരുവനന്തപുരം :കെഎസ്ആർടിസിയുടെ 22 സ്ഥലങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ തുടങ്ങാനുള്ള പദ്ധതി പുരോഗമിക്കുന്നു (Driving School Of KSRTC). അട്ടക്കുളങ്ങരയിലെ സ്‌റ്റാഫ് ട്രെയിനിങ് സെന്‍റർ, എടപ്പാൾ, അങ്കമാലി, പാറശാല, ഈഞ്ചയ്ക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട്, തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാൻ ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ഇതിൽ അട്ടക്കുളങ്ങരയിലെ സ്‌റ്റാഫ് ട്രെയിനിങ് സെന്‍ററിന് ഡ്രൈവിങ് ലൈസൻസുണ്ട്. നിലവിലെ ഡ്രൈവിങ് ടെസ്‌റ്റ് സംവിധാനമനുസരിച്ച് ട്രാക്കുകൾ സജ്ജമാക്കുകയും തുടർന്ന് മെയ് 1 ന് പരിഷ്‌ക്കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ പരിഷ്‌ക്കരിച്ച രീതിയിലേക്ക് ട്രാക്കുകൾ മാറ്റാനുമാണ് തീരുമാനം. ഓരോ യൂണിറ്റിലും ഡ്രൈവിങ് സ്‌കൂൾ തുടങ്ങുന്നതിന് പ്രത്യേകം ലൈസൻസ് എടുക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അട്ടക്കുളങ്ങര സ്‌റ്റാഫ് ട്രെയിനിങ് സെന്‍റർ പ്രിൻസിപ്പൽ വിനോദ് ഇ ടി വി ഭാരതിനോട് പറഞ്ഞു.
കെഎസ്ആർടിസി തന്നെ ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങുമ്പോൾ പഠിപ്പിക്കുന്നതിന് വേണ്ട ഇരുചക്രവാഹനങ്ങളും കാറും വാങ്ങുക എന്നത് മാത്രമാണ് അധിക ചെലവ്. കെഎസ്ആർടിസിയിൽ വർക്ക്‌ഷോപ്പുകളും മികച്ച എഞ്ചിനീയർമാരും ഉള്ളതിനാൽ വാഹനങ്ങളുടെ പ്രവർത്തന പരിചയ ക്ലാസുകളും അപേക്ഷകർക്ക് നല്‌കാൻ സാധിക്കും. ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും വിനോദ് കൂട്ടിച്ചേർത്തു.