വയനാട്: കടുവയുടെ ആക്രമണത്തിൽ മാനന്തവാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോൾ വനംവകുപ്പ് പ്രദേശവാസികൾക്ക് വ്യക്തമായ നിർദേശമോ മുന്നറിയിപ്പോ നൽകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായി. എന്തുകൊണ്ട് കടുവയെ പിടികൂടിയില്ല എന്ന് പ്രതിഷേധക്കാരിൽ ഒരാൾ ചോദിച്ചപ്പോൾ കടുവ തങ്ങളുടെ മുന്നിൽ നിൽക്കുകയല്ലല്ലോ എന്ന് ഒരു ഉദ്യോഗസ്ഥ ചോദിച്ചതാണ് വലിയ തർക്കത്തിലേക്ക് നയിച്ചത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
‘കടുവയെ നേരിൽ കണ്ടാൽ നിങ്ങൾക്ക് കൊല്ലാനാകുമോ? അല്ലെങ്കിൽ നിങ്ങൾക്ക് കടുവയെ കണ്ടുപിടിക്കാനാകുമോ? എന്തുകൊണ്ടാണ് ബോധവത്‌ക്കരണം നടത്താത്തത്? എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങൾ ബന്ധപ്പെടുന്നില്ല? കടുവയെ കൊലപ്പെടുത്താൻ നിങ്ങൾക്ക് ലഭിച്ച ഉത്തരവിൽ ഞങ്ങൾക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കിൽ തങ്ങളെ വെടിവെച്ച് കൊല്ലണം’- പ്രതിഷേധക്കാർ പറഞ്ഞു.
ബോധവത്‌ക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങൾക്ക് നിർദേശം ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരോട് പറഞ്ഞു. വനവിഭവ ശേഖരണം നടത്തുന്നവരിൽ തങ്ങൾ ബോധവത്‌ക്കരണം നടത്തിയിരുന്നു. കടുവയെ കണ്ടെത്താനും വെടിവക്കാനുമാണ് ഉത്തരവ് ലഭിച്ചതെന്നും അവർ വിശദീകരിച്ചു.
എന്നാൽ കടുവ കൂട്ടിൽ കയറിയാൽ വെടിവയ്ക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ തങ്ങൾ ചെയ്യാമെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങൾ പിൻമാറില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
Also Read:കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി