തിരുവനന്തപുരം:പ്രശസ്‌ത ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. എംഎസ്.വല്യത്താന്‍ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് വിദ്യാര്‍ഥി ആയിരുന്നു.
തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ മെഡിക്കല്‍ കോളജിന്‍റെ സ്ഥാപക ഡയറക്‌ടറുമാണ് വല്യത്താന്‍. 2005ല്‍ രാജ്യം പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
മണിപ്പാലില്‍ ആയിരുന്നു സംസ്കാര ചടങ്ങുകള്‍. മണിപ്പാല്‍ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വച്ച അദ്ദേഹത്തിന്‍റെ മൃതദേഹത്തില്‍ നിരവിധി പേര്‍ ആദരമര്‍പ്പിച്ചു.
മാവേലിക്കര രാജകുടുംബാംഗമാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെയും ജാനകിയമ്മയുടെയും മകനായി 1934ലാണ് വല്യത്താന്‍ ജനിച്ചത്. മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് വല്യത്താന്‍ എംബിബിഎസ് നേടിയത്.
യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളില്‍ നിന്ന് ശസ്‌ത്രക്രിയയില്‍ ബിരുദാനന്തരബിരുദം നേടി. എഫ്ആര്‍സിഎസും കരസ്ഥമാക്കി.
നാട്ടിലെത്തിയ അദ്ദേഹം ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ജോലി ചെയ്‌തു. പിന്നീട് ജോണ്‍ഹോപ്‌കിന്‍സ് സര്‍വകലാശാലയയില്‍ ഹൃദയശസ്‌ത്രക്രിയയെക്കുറിച്ച് ഉന്നതപഠനം നടത്തി. ജോര്‍ജ് വാഷിങ്ടണ്‍, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൃദയ ശസ്‌ത്രക്രിയയില്‍ കൂടുതല്‍ പരിശീലനം നേടിയ ശേഷം 1972ല്‍ ഇന്ത്യയിലേക്ക് തിരികെ വന്നു.
പിന്നീട് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മേധാവി എന്ന നിലയില്‍ അദ്ദേഹം ചെയ്‌ത സേവനങ്ങള്‍ നിസ്‌തുലമാണ്. മുന്‍പ് വിദേശത്ത് നിന്ന് വലിയ വില കൊടുത്ത് വാങ്ങിയിരുന്ന ഹൃദയ വാല്‍വുകള്‍ ശ്രീ ചിത്രയില്‍ തന്നെ നിര്‍മ്മിച്ച് കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി. ഒരു ലക്ഷത്തിലേറെ പേരില്‍ ഇവിടെ നിര്‍മ്മിച്ച വാല്‍വുകള്‍ തുടിക്കുന്നു. രക്ത ബാഗുകള്‍ നിര്‍മ്മിച്ച് വ്യാപകമാക്കിയതും അദ്ദേഹത്തിന്‍റെ മറ്റൊരു നേട്ടമാണ്. ഇരുപത് വര്‍ഷം നീണ്ട ശ്രീചിത്രയിലെ സേവനത്തിന് ശേഷം അദ്ദേഹം മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ്‌ചാന്‍സലറായി. 1999 വരെ ആ പദവിയില്‍ തുടര്‍ന്നു.
പിന്നീട് അദ്ദേഹം ആയൂര്‍വേദത്തിന്‍റെ വഴിയിലേക്ക് കടന്നു. ആയൂര്‍വേദവും അലോപ്പതിയും ഒന്നിച്ച് കൊണ്ടു പോകാനുള്ള പല നിര്‍ദേശങ്ങളും വല്യത്താന്‍ മുന്നോട്ട് വച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ ചെയര്‍മാനായിരുന്നു. മാവേലിക്കരയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലും കേരള സര്‍വകലാശാലയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പഠിച്ച് വളര്‍ന്ന തന്‍റെ സേവനം ഈ നാടിന് തന്നെ നല്‍കണമെന്ന ആഗ്രഹമാണ് വല്യത്താനെ വീണ്ടും തിരികെ കേരള മണ്ണില്‍ എത്തിച്ചത്. അമേരിക്കയില്‍ നിന്ന് എത്തിയ ഡോ. വല്യത്താന്‍ മുഖ്യമന്ത്രി ആയിരുന്ന സി അച്യുതമേനോന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് രാജ്യത്തിനാകെ അഭിമാനമായ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജ് കെട്ടിപ്പടുത്തത്. കേവലം രണ്ട് പതിറ്റാണ്ട് കൊണ്ട് ഈ സ്ഥാപനത്തെ ചികിത്സ ഗവേഷണ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ത്തിയെടുക്കാന്‍ വല്യത്താന് കഴിഞ്ഞു.
രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചു. ഹോമി ഭാഭ കൗണ്‍സിലിന്‍റെ സീനിയര്‍ ഫെലോഷിപ്പോടെ ആയൂര്‍വേദ പൈതൃകത്തെക്കുറിച്ച് ഡോ.വല്യത്താന്‍ നടത്തിയ പഠനങ്ങള്‍ ഏറെ മൂല്യവത്താണ്. ആധുനിക വൈദ്യശാസ്‌ത്രത്തിനൊപ്പം ആയൂര്‍വേദ ചിന്തകളെ സമീപിക്കുന്ന പഠനമാണ് അദ്ദേഹം നടത്തിയത്. ചരകന്‍റെയും സുശ്രുതന്‍റെയും വാഗ്ഭടന്‍റെയും അറിവുകള്‍ പങ്ക് വയ്ക്കുന്ന മൂന്ന് ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു.
Also Read:എമര്‍ജന്‍സി ബ്രീതിങ് അസിസ്റ്റ് സിസ്റ്റവുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്