കണ്ണൂർ: നാവിക സേനയിൽ മൂന്നര പതിറ്റാണ്ടിൻ്റെ സേവനം പൂർത്തിയാക്കിയ ഐഎൻഎസ് സിന്ധുധ്വജ് അരങ്ങൊഴിയുന്നു. കണ്ണൂർ അഴീക്കൽ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ്, തുറമുഖത്ത് കപ്പൽ പൊളിച്ചു തുടങ്ങി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർവാഹിനിയാണ് 2022 ജൂലൈ 16ന് ഡീകമ്മിഷൻ ചെയ്‌ത ഈ മുങ്ങിക്കപ്പൽ.
റഷ്യയിൽ നിന്ന് വാങ്ങിയ അന്തർവാഹിനി വിശാഖപട്ടണത്ത് നിന്നാണ് ഏപ്രിലിൽ കണ്ണൂരിൽ എത്തിച്ചത്. ആറുമാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മണൽ തിട്ട കാരണം അടുപ്പിക്കാൻ ആയില്ല. വ്യവസായ മന്ത്രി പി രാജീവിൻ്റെയും തുറമുഖ മന്ത്രി വിഎൻ വാസവൻ്റെയും ഇടപെടലിനെത്തുടർന്നാണ് കരയടിപ്പിക്കാനുള്ള പ്രവര്‍ത്തി വേഗത്തിൽ ആക്കിയതെന്ന് സിൽക്ക് ചെയർമാൻ മുഹമ്മദ് ഇക്ബാൽ പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സിൽക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റേത് ഉൾപ്പെടെയുള്ള എല്ലാ ചട്ടങ്ങളും പാലിച്ചാണ് കപ്പൽ പൊളിക്കുന്നത്. തുറമുഖ വകുപ്പുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തി. നേവിയിൽ നിന്ന് സ്വകാര്യസ്ഥാപനമായ സിത്താര ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ് അന്തർവാഹിനി പൊളിച്ചു നീക്കൽ ഏറ്റെടുത്തിരിക്കുന്നത്. ഒരു ടൺ പൊളിച്ചു നീക്കാൻ 4525 രൂപയും ചരക്കുസേവന നികുതി ജിഎസ്‌ടിയും ലഭിക്കും.
സിൽക്ക് സ്വകാര്യ ഏജൻസിക്ക് പൊളിക്കാൻ നൽകുന്നത് 2400 രൂപയും ജിഎസ്‌ടിയുമാണ്. പൊളിച്ചുനീക്കുന്ന അവശിഷ്‌ടങ്ങൾ വിൽക്കുന്നത് സിത്താര ട്രേഡേഴ്‌സ് നേരിട്ടാണ്.
പൊളിക്കുന്നത് കിലോ ക്ലാസ് അന്തർവാഹിനി:നാവിക സേനയുടെ ചരിത്രത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് ഇന്നോവേഷനുള്ള സിഎൻഎസ് റോളിങ് ട്രോഫി നേടിയ ഏക അന്തർവാഹിനിയാണ് സിന്ധുധ്വജ്, തദ്ദേശീയ സോണാർ ഉഷസ്, ഉപഗ്രഹ വാർത്ത വിനിമയ സംവിധാനങ്ങളായ രുഗ്‌മിണി എംഎസ്എസ്എസ്, നാവിഗേഷൻ സിസ്റ്റം, ഇൻഡിജനസ്, ടോർപ്പിഡോ ഫയർ കൺട്രോൾ സിസ്റ്റം എന്നിവയും സിന്ധുധ്വജിൽ ഉണ്ടായിരുന്നു.