ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് വളപ്പിലെ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ബിജെപി എംപിമാരായ പ്രതാപ് സാരംഗിയും അനുരാഗ് ഥാക്കുറും നല്‍കിയ പരാതിയിലാണ് ദില്ലി പൊലീസ് കേസെടുത്തത്. നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
അമിത് ഷായുടെ അംബേദ്‌കർ പരാമര്‍ശത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേസെടുത്തത്. ഇന്ന് (ഡിസംബര്‍ 19) രാവിലെ അംബേദ്ക്കര്‍ വിഷയത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രത്യേകം പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു.
ഈ മാര്‍ച്ചുകള്‍ പാര്‍ലമെന്‍റിലെ മകര്‍ ദ്വാറില്‍ അഭിമുഖമായി എത്തുകയും അത് ഉന്തിലും തള്ളിലേക്കും വഴി മാറുകയുമുണ്ടായി. ഇതില്‍ ബിജെപി അംഗങ്ങളായ പ്രതാപ് സാരംഗിക്കും, അനുരാഗ് ഥാക്കുറിനും മുകേഷ് രജപുതിനും പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിക്കേറ്റ എംപിമാര്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാഹുല്‍ഗാന്ധി തള്ളിയിട്ടാണ് തനിക്ക് പരിക്കേറ്റതെന്ന് സാരംഗി ആരോപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പാര്‍ലമെന്‍റിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ തന്നെ തടയുകയും ഭീഷണിപ്പെടുത്തുകയും തള്ളിയിടുകയുമായിരുന്നു എന്ന് രാഹുല്‍ പ്രതികരിച്ചു.