എറണാകുളം: കോതമംഗലത്ത് ആറു വയസുകാരി കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. പിതാവ് അജാസ് ഖാനെയും രണ്ടാനമ്മ നിഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതാകാമെന്നാണ് സൂചന.
നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്‌കാൻ ആണ് മരിച്ചത്. ഇന്ന് (ഡിസംബർ 19) രാവിലെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു രക്ഷിതാക്കൾ മൊഴി നൽകിയിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് വിശദമായ പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കണ്ടെത്തൽ. യുപി സ്വദേശി അജാസ് ഖാൻ്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് ആറ് വയസുള്ള മുസ്‌കാൻ. രണ്ടാം ഭാര്യ നിഷയ്‌ക്കൊപ്പമായിരുന്നു ഇയാൾ കോതമംഗലത്ത് താമസിച്ചിരുന്നത്.
രാവിലെയാണ് കുട്ടി മരിച്ച വിവരം അറിയുന്നതെന്ന് വാർഡ് മെമ്പർ ടിഎം അസീസ് പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, ഇവർ തന്നെയാണോ കൊലപാതകം നടത്തിയത് തുടങ്ങിയ കാര്യങ്ങൾ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.
Also Read: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീർഥാടകന് ദാരുണാന്ത്യം