പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ കുഴഞ്ഞു വീണ് മരിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടൂർ പൊന്നുരു ഉപ്പാരപാലം വേൽപ്പുരി വെങ്കയ്യ (65), ബെംഗളൂരു സൗത്ത് ഹൊസൂർ മെയിൻ ഡയറി ക്വാർട്ടേഴ്‌സിൽ സിപി കുമാർ (44), ആന്ധ്രാപ്രദേശ് ഗോദാവരി, വീരസലം മണ്ഡലം, പദ്‌മശാലാ വീഥിയിൽ 4-65ൽ നീലം ചന്ദ്രശേഖർ (55) എന്നിവരാണ് മരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൂന്നുപേരും മലകയറുന്നുതിനിടെയാണ് മരിച്ചത്. വേൽപ്പുരി വെങ്കയ്യയെ നീലിമലയിൽ വെച്ച് ബുധനാഴ്‌ച രാത്രി 8.47ന് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപി കുമാറിനെ വ്യാഴാഴ്‌ച പുലർച്ചെ 3.23ന് അപ്പാച്ചിമേട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അപ്പാച്ചിമേട് കാർഡിയോളജി സെൻ്ററിൽ എത്തിച്ചെങ്കിലും മരിച്ചു.
നീലം ചന്ദ്രശേഖറിന് വ്യാഴം പകൽ 11.15ന് പമ്പ ഒന്നാം നമ്പർ ഷെഡിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടനെ പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീര്‍ഥാടകർ മലകയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തീര്‍ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്ന് ആരോഗ്യവകുപ്പ്. നിരവധി നിർദേശങ്ങളും ഭക്തർക്കായി നൽകിയിട്ടുണ്ട്.
- മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ സാവധാനം വിശ്രമം എടുത്തശേഷം മാത്രം യാത്ര തുടരുക.ആവശ്യമെങ്കിൽ വഴിയിലുടനീളം സജ്ജീകരിച്ചിട്ടുള്ള മെഡിക്കൽ യൂണിറ്റുകളിലെ ഓക്സിജൻ സിലിണ്ടർ സേവനം പ്രയോജനപ്പെടുത്തണം.
- അയ്യപ്പന്മാർ മലകയറ്റത്തിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
- നിർജലീകരണം ഒഴിവാക്കാൻ സോഡാ പാനീയങ്ങൾ ഒഴിവാക്കി ചൂട് വെള്ളം മാത്രം കുടിക്കണം.
- മലകയറുന്നതിനു മുൻപ് എന്തെങ്കിലും ശാരീരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ, പമ്പയിൽ നിന്ന് തന്നെ ചികിത്സ നേടണം.
- സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്. യാത്രയിൽ മരുന്ന് കുറിപ്പടികൾ കൈവശം കരുതുകയും വേണം. സ്വയം ചികിത്സ പൂർണമായും ഒഴിവാക്കണം.
- പേശിവലിവ് ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കുകയാണ് മാർഗം.
- പാമ്പ് കടിയേറ്റാൽ ശരീരം വലുതായി അനക്കാതെ സൗകര്യപ്രദമായി ഇരിക്കണം. മുറിവ് കത്തിയോ ബ്ലെയ്‌ഡോ വച്ച് വലുതാക്കരുത്. മുറിവേറ്റഭാഗം മുറുക്കി കെട്ടുകയുമരുത്. വിഷം ഊറ്റിയെടുക്കാൻ ശ്രമിക്കുന്നതും അപകടമാണ്. കടിയേറ്റ ഭാഗം ഉയർത്തിവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം എത്രയും വേഗം എമർജൻസി മെഡിക്കൽ കണ്ട്രോൾ റൂമിലേക്ക് (നമ്പർ 04735- 203232) വിളിക്കുക. സന്നിധാനത്തടക്കം എല്ലാ മെഡിക്കൽ സെൻ്ററുകളിലും ആൻ്റിവെനം സജ്ജമാക്കിയിട്ടുണ്ട്.
പമ്പയിലാണ് ആരോഗ്യവകുപ്പിൻ്റെ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇവിടേക്ക് അടിയന്തര സാഹചര്യത്തിൻ്റെ വിവരം, സ്ഥലം,ഉൾപ്പെട്ടിട്ടുള്ളവരുടെ എണ്ണം എന്നിവ അറിയിച്ചാൽ ഉടൻ ഏറ്റവും അടുത്ത മെഡിക്കൽ സെൻ്ററിൽ നിന്ന് സ്റ്റാഫ് നഴ്‌സ് ഉൾപ്പടെയുള്ളവരുടെ സേവനം ലഭിക്കും. ഒപ്പം സ്‌ട്രെച്ചറുകൾ, ആംബുലൻസ് എന്നിവയും ഏർപ്പാടാക്കും.
പുറമെ രോഗികളെ സ്വീകരിക്കാൻ ഏറ്റവും അടുത്തുള്ള ആശുപത്രിക്ക് വിവരം കൈമാറും. ഹോട് ലൈൻ സംവിധാനത്തിൻ്റെ ഫലപ്രദമായ ഉപയോഗത്തിലൂടെയാണ് പ്രവർത്തങ്ങളുടെ ഏകോപനം നടപ്പാക്കുന്നതെന്ന് നോഡൽ ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ അറിയിച്ചു.
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ആരോഗ്യവകുപ്പിൻ്റെ വിവിധ വിഭാഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ചികിത്സ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയാണ് പ്രവർത്തനം.
Also Read:പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: അംഗീകരിക്കാനാകില്ല എന്നാവർത്തിച്ച് ഹൈക്കോടതി