കേരളം

kerala

ETV Bharat / state

പാലക്കാട്ടെ പാതിരാ റെയ്‌ഡ് വിവാദം പുകയുന്നു; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു, കള്ളപ്പണമെന്ന് സിപിഎം, പ്രതിരോധിച്ച് കോണ്‍ഗ്രസ് - POLITICAL ROW OVER POLICE RAID

ഫെനി ട്രോളി ബാഗ് വച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സിപിഎം പുറത്തുവിട്ടു

PALAKKAD BYPOLL  MIDNIGHT POLICE RAID  CONGRESS BJP CPIM  പാലക്കാട് പൊലീസ് റെയ്‌ഡ്
CPM-Congress workers fight in Palakkad (Etv Bharat)

By PTI

Published : Nov 7, 2024, 7:25 PM IST

തിരുവനന്തപുരം: പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ വിവാദം പുകയുന്നു. കഴിഞ്ഞ ദിവസം അർധരാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് റെയ്‌ഡ് നടത്തിയതാണ് പുതിയ വിവാദത്തിന് വഴിവച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന തരത്തില്‍ സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിനെതിരെ രാഷ്‌ട്രീയ ആയുധമാക്കുന്നുണ്ട്. പാലക്കാട്ടിലെ റെയ്‌ഡ് വിവാദമായിരിക്കെ ട്രോളി ബാഗുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സിപിഎം പുറത്തുവിട്ടു.

കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി എത്തുന്നതടക്കമുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. ഇതിനുപിന്നാലെ, ട്രോളി ബാഗില്‍ വസ്‌ത്രങ്ങളായിരുന്നുവെന്നാണ് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നത്.

എന്നാല്‍, ഫെനി ട്രോളി ബാഗ് വച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സിപിഎം പുറത്തുവിട്ടു. ട്രോളി ബാഗ് വച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നുവെന്നും ദൃശ്യങ്ങളിലുണ്ട്. സമീപത്ത് നിര്‍ത്തിയിട്ട ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുല്‍ കയറുന്നത്. അതേസമയം, എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്‌ഠനും ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും കഴിഞ്ഞ ദിവസം പുറത്തുവിട്ട സിസിടിവി‌ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

പാലക്കാട്ടെ കെപിഎം ഹോട്ടലിനുള്ളില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ (ETV Bharat)

ട്രോളി ബാഗില്‍ കള്ളപ്പണമെന്ന് സിപിഎം

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന് സിപിഎം നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ട്രോളി ബാഗുമായി കോൺഗ്രസ് പ്രവർത്തകൻ ഹോട്ടലിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിനായി കള്ളപ്പണം ഒഴുക്കുന്നത് സിപിഎം ചെറുക്കുമെന്നും പാലക്കാട്ടേക്ക് കള്ളപ്പണം കൊണ്ടുവന്നതിന് തെളിവുകളുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ട്രോളി ബാഗില്‍ നിന്നും പണം കണ്ടെത്താനായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാറില്‍ കഞ്ചാവ് വച്ച് ഇവര്‍ പിടിപ്പിച്ചില്ലല്ലോ', പരിഹസിച്ച് വിഡി സതീശൻ

അതേസമയം, കോണ്‍ഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്‌ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്‌മാന്‍റെ മുറിയിലും പൊലീസ് റെയ്‌ഡ് നടത്തിയത് കോണ്‍ഗ്രസ് ആയുധമാക്കി. വനിതാ പൊലീസ് ഇല്ലാതെയാണ് മുറിയില്‍ പരിശോധന നടത്തിയതെന്നടക്കം കോണ്‍ഗ്രസ് ആരോപിച്ചു. പാലക്കാട്ടിലെ റെയ്‌ഡിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. കുഴല്‍പ്പണ കേസില്‍ നാണംകെട്ടു നില്‍ക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റിനെയും അയാള്‍ക്ക് കുടപിടിച്ചു കൊടുത്ത പിണറായി വിജയനെയും സംരക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ നുണക്കഥയാണ് പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും വ്യക്തമായെന്ന് സതീശൻ വിമര്‍ശിച്ചു.

നിയമപരമായി നേരിടുമെന്നും എല്ലാ നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിലെ രണ്ടു വനിതാ നേതാക്കളുടെ മുറി പാതിരാത്രി റെയ്‌ഡ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാറില്‍ കഞ്ചാവ് വച്ച് ഇവര്‍ പിടിപ്പിച്ചില്ലല്ലോയെന്ന സമാധാനം മാത്രമെ ഇപ്പോഴുള്ളൂ. എന്തും ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച് വഷളാക്കിയ വൃത്തികെട്ടവന്‍മാരുടെ പാര്‍ട്ടിയാണ് സിപിഎം. വടകരയിലെ കാഫിര്‍ നാടകം പോലെയാണ് പാലക്കാട് പാതിരാ നാടകം നടത്തിയതെന്നും സതീശൻ ആരോപിച്ചു.

വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് റെയ്‌ഡ് നടത്തിയത് തെറ്റെന്ന് പ്രിയങ്ക

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് നടത്തിയ പരിശോധന തെറ്റാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ഹോട്ടൽ റെയ്‌ഡിന്‍റെ മറവിൽ അർധരാത്രിയിൽ പുരുഷ പൊലീസുകാർ സ്ത്രീകളുടെ മുറിയിൽ കയറിയത് തെറ്റാണെന്നും പ്രിയങ്ക പറഞ്ഞു. കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തെ തുടർന്ന് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്‌ഡ് സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു പ്രിയങ്ക.

Read Also:പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന; സ്ഥലത്ത് സംഘർഷാവസ്ഥ, കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്

ABOUT THE AUTHOR

...view details