ഇടുക്കി:ഭരണ സ്വാധീനമുപയോഗപ്പെടുത്തി നാടിനെ കൊള്ളയടിക്കുകയാണ് സിപിഎം ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി. ജില്ലയിൽ അനധികൃത പാറ ഖനനം നടത്തുന്നവർക്ക് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഡീനിന്‍റെ പ്രതികരണം. അത്യധികം ആക്ഷേപവും ആരോപണവുമാണ് സിപിഎം ജില്ല സെക്രട്ടറിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്നും, അതു സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണവും വളരെ മോശമായ തരത്തിലാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഭരണത്തിന്‍റെ പേരിൽ സിപിഎം തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. നാടിനെ കൊള്ളയടിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് എംപി വിമർശിച്ചു.
'ഇപ്പോൾ പാവപ്പെട്ട ആളുകൾക്ക് കുളം നിർമിക്കാനോ വീട് നിർമിക്കാനോ ഏതെങ്കിലും തരത്തിൽ ഒരു ചെറിയ പാറ പൊട്ടിക്കാനുള്ള അനുമതി സർക്കാർ കൊടുക്കുന്നില്ല. അവർക്ക് എല്ലാ തരത്തിലുമുള്ള അവകാശങ്ങൾ നിഷേധിക്കുന്നു. എന്നാൽ മറുവശത്ത് തത്‌പരകക്ഷികൾ സിപിഎമ്മിന്‍റെ തണലിൽ വലിയെ തോതിൽ ഈ നാടിനെ കൊള്ളയടിച്ച് കൊണ്ടുപോകുന്നുവെന്നും,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണത്തിന്‍റെ തണലിൽ നടത്തുന്ന ഏറ്റവും വലിയ കൊള്ളയാണ് സി വി വർഗീസിനെതിരെയുള്ള ആക്ഷേപമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. അതിപ്പോൾ എന്ത് ന്യായീകരണം പറഞ്ഞാലും അക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാൻ വേണ്ടിയതായിട്ടുള്ള എല്ലാ സംവിധാനങ്ങളും നിലനിൽക്കുകയാണ്. ഇപ്പോൾ നീതി പൂർവമുള്ള ഒരന്വേഷണം നടത്തിയെങ്കിൽ മാത്രമേ അക്കാര്യത്തിൽ കുറ്റക്കാരെ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.