ചിക്കൻ ബിരിയാണിയില്‍ ചത്ത പഴുതാര കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ലയിലെ ഹോട്ടല്‍ അടപ്പിച്ചു (ETV Bharat) പത്തനംതിട്ട: തിരുവല്ലയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. തിരുവല്ല കടപ്ര ജങ്ഷനില്‍ പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലാണ് ഭക്ഷ്യവകുപ്പ് അടപ്പിച്ചത്. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് നടപടി. ബിരിയാണി പകുതി കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടത്. ഇതോടെ എസ്‌എച്ച്‌ഒ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഹോട്ടല്‍ അടച്ചുപൂട്ടി. ഹോട്ടലിൽ നിന്നും ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. ഹോട്ടലിന്‍റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചില്‍ തീർന്നിരുന്നു. ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലിന്‍റെ അടുക്കള വൃത്തിഹീനമായ നിലയിലാണെന്നും കണ്ടെത്തി.
Also Read:തട്ടുകടയിലെ മുട്ടബജിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി