ആലപ്പുഴ:ഹാർബറിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് തകർന്നു. കായംകുളം ഹാർബറിൻ്റെ വടക്കേക്കരയിൽ വലിയഴിക്കൽ ഭാഗത്ത് നങ്കൂരമിട്ടിരുന്ന ഏഴ് ഫൈബർ വള്ളങ്ങളാണ് കെട്ട് പൊട്ടി ഒഴുകിപ്പോയത്. കായലിൽ നിന്നും കടലിലേക്കുള്ള വെള്ളത്തിന്‍റെ കുത്തൊഴുക്കും കടലിൽനിന്നുള്ള തിരയും ശക്‌തമായ കാറ്റുമാണ് വള്ളങ്ങൾ നങ്കൂരത്തിൽ നിന്നും വേർപെടാൻ കാരണം.
അഴീക്കൽ കരയിലേക്കാണ് വള്ളങ്ങൾ ഒഴുകിപ്പോയത്. കടലിൽ ഒഴുകി നടന്ന വള്ളങ്ങൾ കൂട്ടിയിടിച്ചും പുലിമുട്ടിൽ ഇടിച്ചുകയറിയുമാണ് തകർന്നത്. പൂർണമായും പൊട്ടിക്കീറി വെള്ളത്തിൽ താഴ്ന്ന നിലയിലാണ് മൂന്ന് വള്ളങ്ങൾ കണ്ടെത്തിയത്. ഏഴ് വള്ളങ്ങൾ ഉപയോഗശൂന്യമായി. വള്ളങ്ങളുടെ എഞ്ചിനും വലയും നഷ്‌ടമായി.