എറണാകുളം:കാസര്‍കോട് സ്‌കൂള്‍ അസംബ്ലിക്കിടെ ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പ്രധാനാധ്യാപികക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. പ്രധാനാധ്യപികയായ ഷേര്‍ളി ജോസഫിനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ശനിയാഴ്‌ച (ജനുവരി 27) ഷേര്‍ളിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
കേസില്‍ അറസ്റ്റുണ്ടായാല്‍ ഒരു ലക്ഷം രൂപ ബോണ്ട് അല്ലെങ്കില്‍ രണ്ടാള്‍ ജാമ്യത്തിലും വിടാന്‍ നിര്‍ദേശം. കഴിഞ്ഞ ഒക്‌ടോബറില്‍ ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്‌കൂളിലാണ് കേസിനാസ്‌പദമായ സംഭവം. മുടി വെട്ടാതെ ക്ലാസിലെത്തിയ ദലിത് വിദ്യാര്‍ഥിയെ അസംബ്ലിക്കിടെ വിളിച്ചുവരുത്തി മുടി മുറിച്ചുവെന്നാണ് കേസ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അസംബ്ലിക്കിടെ മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചത്. വിദ്യാര്‍ഥിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തത്. പട്ടിക ജാതി - പട്ടിക വർഗ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയ കേസെടുത്തിരുന്നു.