വരള്‍ച്ചയില്‍ വ്യാപക കൃഷിനാശം (ETV BHARAT NETWORK) ഇടുക്കി:കനത്ത വരൾച്ചയിൽ ഇടുക്കിയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ സന്ദർശനം. രാവിലെ ഒൻപതിന് കുമളി ഗ്രാമപഞ്ചായത്തിലെ വെള്ളാരംകുന്നിൽ ആദ്യ സന്ദർശനം നടത്തി. തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങളിലും മന്ത്രി എത്തും.
ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരൾച്ചയിൽ 17481.52 ഹെക്‌ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്. 30,183 കർഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്‌ടവുമുണ്ടായെന്നാണ് കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കൃഷി മന്ത്രി നിയോഗിച്ച ഉന്നതതല സംഘം വിവിധ മേഖലകളിൽ സന്ദർശനം നടത്തി കണക്കുകൾ തയാറാക്കുകയായിരുന്നു. കൊടുംചൂടിൽ ഏലം, കുരുമുളക്, വാഴ, കരിമ്പ് എന്നിവയാണ് കൂടുതൽ കരിഞ്ഞുണങ്ങിയത്. ഇടുക്കിയിൽ 43,703 ഏക്കർ സ്ഥലത്തെ കൃഷിയാണ് വേനലിൽ നശിച്ചത്.
30,183 കർഷകരുടെ ഏലവും കുരുമുളകും കാപ്പിയുമെല്ലാം കരിഞ്ഞുണങ്ങി. ഏറ്റവും കൂടുതൽ നശിച്ചത് ഏലം തന്നെയാണ്. 40550 ഏക്കർ സ്ഥലത്തെ ഏലമാണ് ഇല്ലാതായത്. ഇതുവഴി 22,311 കർഷകരുടെ 113 കോടിയുടെ ഏലക്കൃഷി നശിച്ചു.
4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികൾ ഉണങ്ങിയതിലൂടെ 39 കോടിയുടെ നഷ്‌ടമുണ്ടായി. 479 ഏക്കറിലെ വാഴയും 124.75 ഏക്കറിലെ കാപ്പിയും നശിച്ചു. 145 ഏക്കറിലെ കരിമ്പ് കൃഷി ഉണങ്ങിയതോടെ 107 കർഷകരുടെ മൂന്ന് കോടി രൂപയും നഷ്‌ടമായി.
പച്ചക്കറി, കൊക്കോ തുടങ്ങിയ വിവിധയിനം കൃഷികളും നശിച്ചിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള നാശനഷ്‌ടം കർഷകരുടെ നടുവൊടിച്ചിരിക്കുകയാണ്. നാശനഷ്‌ടം കാണാൻ കൃഷി മന്ത്രി നേരിട്ടെത്തുന്നതോടെ ഇടുക്കിയെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുമെന്നും കൂടുതൽ ധനസഹായം കിട്ടുമെന്നുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.
ALSO READ : കൊടും ചൂട്, കൃഷി കരിഞ്ഞുണങ്ങി, വെള്ളം ഒരുതുള്ളിയില്ല; ഹൈറേഞ്ചിനെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം