സിപിഒ റാങ്ക് ലിസ്‌റ്റ് ; ഉദ്യോഗാർഥികളുടെ സമരം സംഘർഷത്തിലേക്ക് തിരുവനന്തപുരം :നിയമനം നടത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഒ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റ് സമര കവാടത്തിൽ നടത്തി വന്ന പ്രതിഷേധം സംഘർഷത്തിലേക്ക്.
സമര കവാടത്തിന് മുന്നിൽ എം ജി റോഡിനു ഇരുവശത്തും ഉദ്യോഗാർഥികൾ റോഡ് ഉപരോധിച്ചതോടെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കുന്നതിനിടെയാണ് സംഘർഷം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെട്ടതോടെയാണ് വൻ സംഘർഷം ഉണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ അടക്കമുള്ളവർക്ക് പരിക്കേറ്റു. റോഡ് ഉപരോധിച്ച റാങ്ക് ഹോൾഡേഴ്‌സിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. ഇവരെ കേസ് രജിസ്‌റ്റർ ചെയ്യാതെ വിട്ടയക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് സംഘർഷം അവസാനിച്ചത്.
എം ജി റോഡിനു ഒരു വശം സിപിഒ റാങ്ക് ഹോൾഡേഴ്‌സ് ഇപ്പോഴും ഉപരോധിക്കുകയാണ്. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പൊലീസിന് നെയിം ബോർഡ് ഇല്ലെന്നും വ്യാജ പൊലീസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.