പാലക്കാട്:രാഹുൽ മാങ്കൂട്ടത്തില്‍ ഉൾപ്പെടെയുള്ള നേതാക്കളെ കുറുവ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യം ചെയ്‌താൽ നീല ട്രോളി ബാഗിൽ പണം കടത്തിയ വിവരം പുറത്തുവരുമെന്ന് സിപിഎം ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഉപതെരഞ്ഞെടുപ്പ് സമയത്തെ നീല ട്രോളി വിവാദം കൈകാര്യം ചെയ്യുന്നതിൽ സിപിഎമ്മിന് വീഴ്‌ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ബാബു.
നീല ട്രോളി ബാഗിൽ ഹോട്ടലിലേക്ക് കൊണ്ടുവന്നത് പണം തന്നെയാണ്. ആ പണം വാരിയെറിഞ്ഞ് ആർഎസ്എസിൻ്റെയും എസ്‌ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ട് വാങ്ങിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്. പണം കൊണ്ടുവന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിന് പുറമേ ഷാഫി പറമ്പിൽ, വികെ ശ്രീകണ്‌ഠൻ, ജ്യോതികുമാർ ചാമക്കാല എന്നീ കോൺഗ്രസ് നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. കുറുവ സംഘത്തെ ചോദ്യം ചെയ്‌തത് പോലെ ആ നേതാക്കളെ ചോദ്യം ചെയ്‌താൽ സത്യം പുറത്തുവരും.