കാസർകോട് : സർക്കാരിനെതിരെയും പെരിയ ഇരട്ടക്കൊലക്കേസിലെ ഇടപെടലിനെതിരെയും സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. പെരിയ കേസുമായി ബന്ധപ്പെട്ടു ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതിനിധികൾ പ്രതികരിച്ചു. കേസ് കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമെന്നും കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതികളാക്കുന്നതിന് സി.ബി.ഐക്ക് വഴിതുറന്നത് പൊലീസിന്റെ നിലപാടുകളാണെന്നും വിമർശനമുണ്ടായി.
ആഭ്യന്തര വകുപ്പ് കൈവശമുണ്ടായിട്ടും പെരിയ കേസിൽ ഒന്നും ചെയ്യാനായില്ലെന്നാണ് ചില പ്രതിനിധികളുടെ വിമർശനമുണ്ടായത്. കൊലപാതകം നടക്കുന്നതിനു മുമ്പ് പാർട്ടി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കൊലപാതകം നടക്കില്ലായിരുന്നു. ജില്ലാ നേതൃത്വത്തിന്റെ പരാജയമായിരുന്നു അതെന്ന് പ്രതിനിധികള്‍ പൊതു ചർച്ചയിൽ പറഞ്ഞു.
പെരിയ കേസിലെ പ്രതികളെ സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഷയത്തിൽ വിമർശനം. മന്ത്രിമാർ ജില്ലയെ അവഗണിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. എ വിജയരാഘവന്‍റെ ഉദ്ഘാടന പ്രസംഗത്തിനെതിരെയും വിമർശനമുയർന്നു. കാസർകോട് ജില്ലയോട് പാർട്ടിക്കും മന്ത്രിമാർക്കും അവഗണനയാണ്. രണ്ട് തവണ ഭരണം ലഭിച്ചിട്ടും ജില്ലക്ക് പാർട്ടിയുടെ മന്ത്രിയെ ലഭിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ സമ്മേളനത്തിൽ സർക്കാരിന്റെ പ്രതിനിധിയെ അയക്കാനും നേതൃത്വം തയ്യാറായിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥിയും ജില്ലാ സെക്രട്ടറിയുമായ എം.വി. ബാലകൃഷ്‌ണന്‍റെ കനത്ത തോല്‍വിയെ പാർട്ടി ഗൗരവത്തിലെടുത്തില്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. തോല്‍വിയെ ഈ രീതിയിൽ സമീപിക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് മഞ്ചേശ്വരത്തു നിന്നുള്ള പ്രതിനിധി പറഞ്ഞു.