കോഴിക്കോട്:കാന്തപുരവും സിപിഎമ്മും രാഷ്ട്രീയ ലൈൻ മാറ്റിപ്പിടിക്കുന്നോ...? നിലനിൽപ്പിന് കൂട്ടായ്‌മ എന്ന തിരിച്ചറിവിൽ മുസ്‌ലീം സമുദായ സംഘടനകൾ മെല്ലെ ഒന്നിച്ചേക്കും എന്ന സൂചന നൽകുന്നതാണ് കാന്തപുരത്തിന്‍റെ പ്രസ്‌താവനകൾ. രാഷ്ട്രീയ കാര്യലാഭത്തിനപ്പുറം, മാറിയ കാലത്ത് നിലനിൽപ്പാണ് പ്രധാനം എന്ന് മുസ്‌ലീം സംഘടനകളൊക്കെ ഏറെക്കുറേ മനസിലാക്കി കഴിഞ്ഞു. സമസ്‌തയിലും മുസ്‌ലീം ലീഗിലുമെല്ലാം പാളയത്തിൽ പട ഉണ്ടാകുമ്പോൾ നേതാക്കൾ ഇടപെട്ട് പറയുന്ന ഒറ്റ കാര്യമേയുള്ളൂ, ഐക്യപ്പെടുക. അവിടെയാണ് കാന്തപുരവും ലൈൻ മാറ്റിപ്പിടിക്കുന്നത്.
മലബാർ കലാപത്തെ തുടർന്ന് നാടുവിട്ട ഏതാനും മുസ്‌ലീം പണ്ഡിതന്മാർ ഒന്നിച്ച് രൂപീകരിച്ചതാണ് കേരള മുസ്‌ലീം ഐക്യസംഘം. 1924ൽ കേരള ജംഇയ്യത്തുൽ ഉലമയെന്ന സംഘടനയായി അത് മാറി. വളരെക്കാലം സൗഹാർദത്തോടെ മുന്നേറിയ സമസ്‌തയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. 1989ൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ 40 അംഗ മുഷാവറ പുനഃസംഘടിപ്പിച്ചു. അതാണ് സുന്നി എപി വിഭാഗം.
രണ്ടായതിന് പിന്നാലെ എപി - ഇകെ വിഭാഗങ്ങൾ തമ്മിൽ വലിയ തർക്കങ്ങളുണ്ടായി. സ്വത്തിന്‍റെയും പള്ളിയുടെയും പേരിലായിരുന്നു അത്. എന്നാൽ നിലവിൽ തർക്കങ്ങളൊക്കെ ഏറെക്കുറേ തീർന്ന മട്ടാണ്. ഉണ്ടെങ്കിൽ തന്നെ അത് സ്ഥാനമാനങ്ങളുടെ പേരിലാണ്. അവിടെയാണ് വീണ്ടും സമുദായ സംഘടനകൾ ഒന്നിച്ച് മുന്നോട്ട് പോകുന്നതിന്‍റെ ചില സൂചനകൾ പ്രകടമാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്യരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വ്യായാമത്തിൽ ഏർപ്പെടുന്നതിനെ കാന്തപുരം വിമർശിച്ചപ്പോൾ അനുകൂലിച്ച് കൂടെ നിന്നത് മുസ്‌ലീം സംഘടന നേതാക്കളും സമസ്‌തയിലെ മത പണ്ഡിതരുമായിരുന്നു. സിപിഎം പക്ഷേ ആ പ്രസ്‌താവനയെ തള്ളി. അത് എപി - സിപിഎം വിള്ളലിന്‍റെ വ്യാപ്‌തിയാണ് തുറന്ന് കാണിക്കുന്നതെന്ന് ഇടത് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഇത് സിപിഎം പ്രാവർത്തിമാക്കാൻ പോകുന്ന രാഷ്ട്രീയ ലൈനിന്‍റെ പ്രകടമായ ഉദാഹരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ മുസ്‌ലീം ലീഗിനെയും സമസ്‌തയേയും വാനോളം പുകഴ്ത്തിയ സിപിഎം തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് തിരിച്ചടിച്ചു. പുകഴ്ത്തിയ നാവുകൊണ്ട് തന്നെ ഇകഴ്ത്തി. കാന്തപുരം വിഭാഗത്തിന്‍റെ വോട്ടിലും ചോർച്ചയുണ്ടായെന്ന് സിപിഎം വൈകാതെ മനസിലാക്കി.