ഇടുക്കി : മാത്യു കുഴൽനാടൻ്റെ ഭൂമിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം നീക്കം. മാന്യത ഉണ്ടെങ്കിൽ ഭൂമി വിട്ടു നൽകണമെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ്. ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കി കോടീശ്വരനായി മാറിയ ആളാണ് മാത്യു കുഴൽനാടനെന്നും അദ്ദേഹത്തിന്‍റെ വരുമാനം സംബന്ധിച്ച് അന്വേഷിക്കണമെന്നും സി വി വർഗീസ് പറഞ്ഞു.
ഭൂമിക്കച്ചവടത്തിൽ മാത്യു കുഴൽനാടൻ അവസാന വാക്കാകാൻ ശ്രമിക്കുന്നുവെന്നും സിപിഎം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ കേസിൽ കോടതിയിൽ നിന്നും മാത്യു കുഴൽനാടൻ തിരിച്ചടി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ പടപ്പുറപ്പാടുമായി സിപിഎം ഇടുക്കി ജില്ല നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. കുഴൽനാടൻ ഭൂമി വാങ്ങിയത് കയ്യേറ്റ ഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയെന്ന് സിപിഎം ജില്ല സെക്രട്ടറി ആവർത്തിച്ചു.