പത്തനംതിട്ട :ഗുണ്ട നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തി വിവാഹത്തിന് ഇടനിലക്കാരനായി നിന്നുവെന്നാണ് ആരോപണം. തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ നേതാവ് ലോക്കല്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് പൊടിയാടി സ്വദേശിയായ ഗുണ്ട നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി പെൺകുട്ടിയുടെ വീട്ടിൽ എത്തി സംസാരിച്ചു എന്നാണ് പരാതി.
ഗുണ്ട നേതാവിനെ കുറിച്ച് പ്രകാശ് ബാബു പെൺകുട്ടിയുടെ വീട്ടുകാരോട് നല്ല അഭിപ്രായം പറഞ്ഞിരുന്നു. സംശയം തോന്നിയ വീട്ടുകാർ സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയെ ബന്ധപ്പെടുകയായിരുന്നു. ഏരിയ സെക്രട്ടറി നേരിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ആള്‍മാറാട്ടത്തെക്കുറിച്ച് അറിഞ്ഞത് (Party Investigation against CPM leader)
ആള്‍മാറാട്ടം പുറത്തായത്തോടെ ഫെബ്രുവരി ആദ്യം നിശ്ചയിക്കാനിരുന്ന വിവാഹത്തിൽ നിന്നും പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറുകയായിരുന്നു. സംഭവത്തിന് പിന്നാലെ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു.