ഡോ. പത്മനാഭ ഷേണായി ഇടിവി ഭാരതിനോട് സംസാരിക്കുന്നു എറണാകുളം: കൊവിഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ആശങ്ക വേണ്ട. കൊവിഡ് വാക്‌സിനെടുത്തവർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊവിഡ് ചികിത്സയെ കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തിയ ആരോഗ്യ വിദഗ്‌ധനായ ഡോ. പത്മനാഭ ഷേണായി ഇടിവി ഭാരതിനോട് പറഞ്ഞു. നേരത്തെ കൊവിഡ് വാക്‌സിനെടുത്തവർക്ക് ഇനി എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടി ടി എസ്) ആസ്ട്രാസെനക്കയുടെ കൊവിഷീൽഡ്, വാക്‌സിനെടുത്തവർക്ക് കൂടുതലായി വരാൻ സാധ്യതയുള്ളതായാണ് പ്രചാരണം നടക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരാണ്. ആസ്ട്ര സെനക്കയുടെ കൊവിഷീൽഡ് വാക്‌സിനും, ജോൺസൺ ആൻ്റ് ജോൺസണ്‍ കമ്പനിയുടെ കൊവിഡ് വാക്‌സിനും എടുത്തവർക്ക് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് 2021-ൽ തന്നെ പഠനങ്ങൾ പുറത്ത് വന്നിരുന്നതായി ഡോ. ഷേണായി വിശദീകരിച്ചു.
- നേരത്തെ വാക്‌സിൻ എടുത്തവർക്ക് ഭാവിയിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ?
ഇത് വളരെ നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. ഇതിൽ പുതുതായി ഒന്നുമില്ല. വാക്‌സിൻ എടുത്ത രണ്ടര ലക്ഷം, മൂന്ന് ലക്ഷം ആളുകളിൽ ഒരാൾക്ക് രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടിടിഎസ്) വരാനുള്ള സാധ്യതയുണ്ട്.
അതും ഭൂരിഭാഗവും ശക്തി കുറഞ്ഞ് വന്ന് പോകുന്നതായാണ് വ്യക്തമായത്. ഒന്നാമത്തെ ഡോസ് സ്വീകരിച്ചവർക്കാണ് ഇത് വരാൻ സാധ്യതയുള്ളത്. അതേ സമയം രണ്ടാമത്തെ ഡോസും, ബൂസ്‌റ്റർ ഡോസും എടുത്തവർക്ക് വരാനുള്ള സാധ്യത വളരെ കുറവാണ്. വാക്‌സിൻ എടുത്ത് രണ്ടാഴ്‌ചയ്ക്ക് ഉള്ളിലാണ് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളത്. 2021-ലോ അതിന് ശേഷമോ വാക്‌സിനെടുത്തവർക്കോ പാർശ്വ ഫലങ്ങൾ ഒരിക്കലും ഉണ്ടാകില്ല.
- വാക്‌സിൻ്റെ പാർശ്വ ഫലങ്ങൾ ശാസ്‌ത്രലോകം മറച്ചുവെച്ചോ ?
കൊവിഡ് വാക്‌സിൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത ശാസ്ത്ര ലോകം ഒരിക്കലും മറച്ചു വെച്ചിട്ടില്ല. ഏതൊരു വാക്‌സിനും ഇത്തരം ചെറിയ പാർശ്വ ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാക്‌സിൻ ഉപയോഗിച്ചതോടെ ലക്ഷക്കണക്കിന് ആളുകളെയാണ് കൊവിഡ് മരണങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞത്. വാക്‌സിൻ്റെ ഉപയോഗം കാരണമുണ്ടാകുന്ന ഫലങ്ങൾ വളരെ കൂടുതലും പാർശ്വഫലങ്ങൾ വളരെ കുറവായ സാഹചര്യത്തിലാണ് ലോഗാരോഗ്യ സംഘടന തന്നെ ഇതിനെ ശക്തമായി പിന്തുണച്ചതെന്നും ഡോ. പത്മനാഭ ഷേണായി ഇടിവി ഭാരതിനോട് പറഞ്ഞു.
ആസ്ട്രസെനക്കയുടെ വാക്‌സിനെടുത്ത ബ്രീട്ടീഷ് പൗരൻ്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് യുകെ ഹൈക്കോടതി പരിഗണിച്ച കേസിലായിരുന്നു വാക്‌സിൻ എടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടിടിഎസ്) ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചത്. ഇതോടെയാണ് കൊവിഡ് വാക്‌സിൻ്റെ പാർശ്വ ഫലങ്ങളെ കുറിച്ച് വീണ്ടും ചർച്ചകൾ നടക്കുന്നത്. അതേ സമയം നേരത്തെ വാക്‌സിനെടുത്തവർക്ക് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഒരു സാധ്യയുമില്ലന്നാണ് ഡോ. പത്മനാഭ ഷേണായിയെപ്പോലുള്ള ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
Also Read :'ഉമ്മന്‍ ചാണ്ടിയ്‌ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയില്ല' ; പുതിയ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരിച്ച് ചാണ്ടി ഉമ്മന്‍