വി എൻ വാസവന്‍റെ സാന്നിധ്യത്തിൽ കരാർ കൈമാറി (Source: ETV Bharat Reporter) കോട്ടയം:സഹകരണ ബ്രാൻഡ് ഉത്പന്നങ്ങൾ വിദേശവിപണിയിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളുമായി സഹകരണവകുപ്പ്. സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യാനൊരുങ്ങിയത്. കയറ്റുമതി ചെയ്യുന്നതിനുള്ള കരാർ കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ്റെ സാന്നിധ്യത്തിൽ കൈമാറി.
നിലവിൽ രണ്ടു സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളാണ് വിദേശത്തേക്കയ്ക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ നോർത്ത് മലബാർ ഡിസ്ട്രിക്‌ട് മാർക്കറ്റിങ് ആൻഡ് സപ്ലൈ സഹകരണസംഘവും (എൻഎംഡിസി) എറണാകുളം വാരപ്പട്ടി സർവീസ് സഹകരണ ബാങ്കുമാണിത്. വാരപ്പെട്ടി സഹകരണ സംഘം പ്രസിഡൻ്റ് എംജി രാമക്യഷ്‌ണൻ എക്‌സ് പോർട്ടിങ് ഏജൻസിക്ക് കരാർ കൈമാറി.
സംസ്‌കരിച്ച ഏത്തപ്പഴം, പൈനാപ്പിൾ, ചക്കപ്പഴം എന്നിവ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കാണ് വാരപ്പട്ടി ബാങ്ക് അയയ്ക്കുന്നത്. വെളിച്ചെണ്ണയും വയനാടൻ ഉത്‌പന്നങ്ങളുമാണ് എൻഎംഡിസിയിൽ നിന്നും കയറ്റുമതി ചെയ്യുന്നത്. ഉത്പന്നങ്ങളുമായി ചരക്ക് കണ്ടെയ്‌നർ മെയ് 20 ന് പുറപ്പെടും.
ഇത് വിജയകരമാവുന്നതോടെ കൂടുതൽ ബാങ്കുകളുടെ ഉത്പന്നങ്ങൾ വിദേശ വിപണിയിലേക്ക് എത്തിക്കും. 20-ഓളം സംഘങ്ങൾ കയറ്റുമതിക്ക് ആവശ്യമായ മൂല്യവർദ്ധിത ഉത്പനങ്ങൾ എത്തിക്കാൻ തയാറായിട്ടുണ്ട്.
Also Read: രാജ്യത്തെ ഉള്ളി കയറ്റുമതി നിരോധനം നീക്കി; മിനിമം കയറ്റുമതി വില ടണ്ണിന് 550 ഡോളർ