കണ്ണൂർ: ക്ഷണിക്കപ്പെടാതെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ വന്നതെന്തിനാണ്...? പോരാതെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ അതിരൂക്ഷ വിമർശനം നടത്തുക, അഴിമതിക്കാരൻ ആണെന്ന് പറയുക. ജനപ്രതിനിധികൾക്ക് തന്നെ ദിവ്യ അപമാനം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുമ്പോൾ പ്രതിപക്ഷത്തിന്‍റെ നിലപാട് വ്യക്തമാവുകയാണ്. അധികാരം എത്രമാത്രം ഒരു വ്യക്തിയെ അഹങ്കാരിയാക്കും എന്നതിന് ഉദാഹരണമാണ് പി പി ദിവ്യ എന്നും, എഡിഎമ്മിനെതിരെയുള്ള ആരോപണം വ്യക്തി വിരോധം തീർക്കലാണെന്നും സതീശൻ കുറ്റപ്പെടുത്തുമ്പോൾ വരും ദിവസങ്ങളിലും പ്രതിഷേധം ആളി കത്തുമെന്ന് ഉറപ്പാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം. ഇന്നലെ വൈകിട്ട് ആണ് പിപി ദിവ്യ എഡിഎമ്മിനെ കടന്നാക്രമിച്ചത്. ഇതിന് പിന്നാലെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ഇന്ന് രാവിലെയോടെ എഡിഎമ്മിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
എഡിഎമ്മിന്‍റെ ആത്മഹത്യയോടെ വിഷയം സംസ്ഥാന തലത്തിൽ തന്നെ വാർത്ത പ്രാധാന്യം നേടുകയാണ്. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, സഭ സമ്മേളനം തീരുന്ന അവസാന ദിനത്തിൽ, പ്രതിപക്ഷത്തിന് വലിയ ആയുധവും കയ്യിൽ കിട്ടി. സിപിഎം അനുകൂല സംഘടനയിലുള്ള ഉദ്യോഗസ്ഥൻ സിപിഎം ജനപ്രതിനിധിയുടെ തുറന്നു പറിച്ചലിൽ മനം നൊന്ത് ക്വാർട്ടേഴ്‌സില്‍ തൂങ്ങി മരിച്ചു എന്ന ആരോപണം കടുക്കുമ്പോൾ പാർട്ടിയുടെ നിലപാട് എന്താണെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കി നിൽക്കെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്‌ഫർ ചോദിച്ചു വാങ്ങുകയും യാത്രയയപ്പിന് തൊട്ട് മുൻപ് വലിയ ആരോപണം നേരിടുകയും ചെയ്യുമ്പോൾ ചോദ്യങ്ങളും നിരവധിയാണ്. സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പെട്രോൾ പമ്പ് ഉടമയും പരാതിക്കാരനുമായ പ്രശാന്തിന്‍റെ തുറന്നു പറച്ചിൽ.
നവീൻ ബാബു ഒരു ലക്ഷം ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയെന്നുമാണ് പ്രശാന്തിന്‍റെ വെളിപ്പെടുത്തല്‍. അനുമതിക്കായി 3 തവണ പിപി ദിവ്യയെ കണ്ട് പറഞ്ഞപ്പോൾ നല്ല രീതിയിലുള്ള പ്രതികരണം ആയിരുന്നില്ല. പിന്നെ നേരിട്ട് നവീൻ ബാബുവിനെ കാണുകയായിരുന്നു. നവീൻ ബാബു ട്രാൻസ്‌ഫർ വാങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം.
പണം തന്നില്ലെങ്കിൽ അനുമതി ഒരിക്കലും കിട്ടാത്ത രീതിയിൽ മാറ്റുമെന്ന് നവീൻ ബാബു പറഞ്ഞതായും പ്രശാന്ത് പറയുന്നു. അനുമതി കിട്ടിയ ശേഷം ഇത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനോട് പറഞ്ഞിരുന്നു. എന്നാൽ ദേഷ്യത്തോടെ, മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആണ് പ്രസിഡന്‍റ് ആവശ്യപെട്ടതെന്ന് പ്രശാന്ത് പറയുന്നു. ഒരു പക്ഷേ ഇതാവാം വരും ദിവസങ്ങളിൽ പി പി ദിവ്യ പുറത്ത് കൊണ്ടുവരും എന്ന് പറഞ്ഞ വിഷയവും.
പോര് തുടങ്ങിയത് പെട്രോൾ പമ്പിന്‍റെ എന്‍ഒസിയുമായി ബന്ധപെട്ട്
കണ്ണൂർ ചെങ്ങളായിൽ തുടങ്ങാനിരുന്ന പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് എഡിഎം - ദിവ്യ പോര് തുടങ്ങിയത് എന്നാണ് സൂചന. പമ്പിന് ആദ്യ ഘട്ടത്തിൽ എഡിഎം അനുമതി നൽകിയില്ലെന്നാണ് സൂചന. പിപി ദിവ്യ പറഞ്ഞിട്ടും എഡിഎം വഴങ്ങിയില്ല. ഒടുവിൽ ദിവ്യ അറിയാതെ അനുമതി നല്‍കുകയായിരുന്നു എന്നാണ് സൂചന. ഇതാണ് ദിവ്യയെ ചൊടിപ്പിച്ചത്.