എറണാകുളം: ഓർത്തഡോക്‌സ് യാക്കോബായ പളളിത്തർക്ക വിഷയത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി. 6 പളളികൾ ജില്ലാ കലക്‌ടർമാർ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.ചീഫ് സെക്രട്ടറി, എറണാകുളം, പലാക്കാട് ജില്ലാ കലക്‌ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾക്കെതിരെ കുറ്റം ചുമത്തുന്നതിനു വേണ്ടിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്.
നവംബർ 8 ന് രാവിലെ 10.15 ന് എല്ലാ എതിർകക്ഷികളും കോടതിയിൽ ഹാജരാകണം. യാക്കോബായ സഭയുടെ കൈവശമുളള ആറു പളളികൾ ഏറ്റെടുക്കാൻ ജില്ലാ കലക്‌ടർമാരോട് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സർക്കാർ ഇതിൽ നിന്ന് പിൻമാറി. കൂടാതെ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലുകൾ ഡിവിഷൻ ബഞ്ച് തള്ളുക കൂടി ചെയ്‌തതോടെയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നത്.