കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha Election) പടിവാതിൽക്കൽ എത്തി നിൽക്കെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭവുമായി കോൺഗ്രസ്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭത്തിന് കാസര്‍കോട് ഉജ്ജ്വല തുടക്കമായി (Congress protest Samragni started today at Kasargod). വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു.
പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. 'മോദിയുടെ തട്ടിപ്പ് ഗ്യാരണ്ടിയിൽ ഇന്ത്യ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണമെന്ന് കെ. സി വേണുഗോപാല്‍ (K C Venugopal) ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ല. ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി'.
സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ ന്യായമായ എല്ലാ വിഷയങ്ങളിലും സംസ്ഥാന സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, ധൂർത്ത് നടത്താൻ വേണ്ടി ഇറങ്ങിയാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന പിണറായി, ഗവർണറോട് ഏറ്റുമുട്ടി ശ്രദ്ധ തിരിക്കുകയാണ്. ബംഗാൾ മോഡലിലേക്ക് സി പി എമ്മിനെ കൊണ്ടെത്തിക്കാൻ ക്വട്ടേഷൻ എടുത്ത നേതാവാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഏത് കാര്യത്തോടും സഹകരിക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. കേരള സർക്കാർ ഡൽഹിയിൽ നടത്തുന്നത് നാടക സമരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മോദി–പിണറായി പായ്‌ക്കെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ (V D Satheesan) കുറ്റപ്പെടുത്തി. ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്‌തത് രണ്ടാം ലോക മഹായുദ്ധത്തിലെ കറുത്ത ഏടാണ്.