തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി നാളെ (മാര്‍ച്ച് 13) രാജ്ഭവന് മുന്നിൽ കോണ്‍ഗ്രസ് പ്രതിഷേധം (Congress Protest Against CAA In Raj Bhavan). ഉച്ചയ്‌ക്ക് 12 മണി മുതല്‍ രണ്ട് മണി വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധ ധര്‍ണയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു (MM Hassan). രാവിലെ 10 മണിക്ക് ചേരുന്ന കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും സംയുക്ത യോഗത്തിന് ശേഷമാണ് രാജ്‌ഭവന് മുന്നിലെ പ്രതിഷേധം.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് സ്റ്റണ്ട് ആണ്. തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി ഗവൺമെന്‍റിന്‍റെ ശ്രമം. നിയമം നടപ്പിലാക്കുന്നത് ഭരണഘടനാവിരുദ്ധമായാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും എംഎം ഹസ്സൻ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഇന്നും യുഡിഎഫ് പ്രതിഷേധം നടത്തുകയാണ്. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് യുഡിഎഫിന്‍റെ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിന്‍റെ സിഎഎ വിജ്ഞാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, എംഎല്‍എ രമേശ് ചെന്നിത്തല എന്നിവര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.