തിരുവനന്തപുരം: പെരിങ്ങമ്മലയില്‍ കോൺഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക്. കോൺഗ്രസ് നേതാവും ഡിസിസി അംഗവും പെരിങ്ങമ്മലയിലെ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റുമായ ഷിനു മടത്തറ, പഞ്ചായത്ത് അംഗങ്ങളായ കലൈപുരം അൻസാരി, ഷഹനാസ് എന്നിവരാണ് സിപിഎമ്മില്‍ ചേർന്നത്. മൂന്ന് പേരും പഞ്ചായത്തിൽ നിന്ന് രാജിവച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിയമാനുസരണം രാജിക്കത്ത് കൈമാറി. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടിനോട് യോജിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും സിപിഎം ജില്ല സെക്രട്ടറിയും എംഎല്‍എയുമായ വി ജോയി പറഞ്ഞു. ഇടത് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളില്‍ സഹായിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ജില്ലയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന 3 ജനപ്രതിനിധികളായിരുന്ന ഇവര്‍ സിപിഎമ്മിലേക്ക് വന്നത്.അടുത്തകാലത്തായി കോൺഗ്രസിന്‍റെയും മറ്റ് പാർട്ടിയിലെയും ആളുകൾ ആ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും വി.ജോയി പറഞ്ഞു.
ജില്ലയിലെ ഏറ്റവും പ്രമുഖനായിരുന്ന പിഎസ് പ്രശാന്ത് നെടുമങ്ങാട് യുഡിഎഫിന്‍റെ സ്ഥാനാർഥിയായിരുന്നു. അദ്ദേഹവും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. ഇപ്പോൾ ദേവസ്വം ബോർഡിന്‍റെ പ്രസിഡന്‍റ് കൂടിയാണ്.
അടുത്ത കാലത്ത് നവകേരള സദസിന്‍റെ ഭാഗമായി ജില്ലയിൽ കോൺഗ്രസിന്‍റെ 22 ഓളം നേതാക്കളും ലീഗ് നേതാക്കളും അവരുടെ പാർട്ടി ബന്ധം ഉപേക്ഷിച്ചു സിപിഎമ്മിനൊപ്പം ചേര്‍ന്നിട്ടുണ്ട്. രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ സംഘടനയായ ബിജെപി പോലുള്ള സംഘടനകൾ വലുതായി കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് എന്തുകൊണ്ട് അവരെ എതിർക്കാൻ സാധിക്കുന്നില്ലെന്നും ഷിനു മടത്തറ ചോദിച്ചു. അവരെ എതിർക്കാൻ സാധിക്കുന്ന ഒരു സംവിധാനം നിലവിലുള്ളത് സിപിഎമ്മിലാണ്.
സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഒന്നും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. അതിനോട് യോജിച്ച് പോകാനാണ് തങ്ങളുടെ താത്‌പര്യം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ എന്ന നിലയിൽ കോൺഗ്രസ് എടുക്കുന്ന ഇത്തരം നിലപാടുകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഡിസിസി മുതലുള്ള നേതാക്കൾ കാണിക്കുന്ന അധിക്ഷേപങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. പദവി മോഹിച്ചല്ല മൂവരുടെയും കൂടുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങലില്‍ സീറ്റ് തിരിച്ചുപിടിക്കും:ആറ്റിങ്ങൽ സീറ്റ് തിരിച്ചുപിടിക്കുമെന്നും എംഎല്‍എ വി.ജോയി പറഞ്ഞു. നിയമസഭ സീറ്റ് ലക്ഷ്യമിട്ടാണ് അടൂർ പ്രകാശ് നടക്കുന്നത്. ആറ്റിങ്ങലിലെ എംപി എത്ര സമയം മണ്ഡലത്തിലുണ്ടായിയെന്ന് പരിശോധിക്കണം. വീണ്ടും മത്സരിക്കാനുള്ള താത്‌പര്യം പോലും എംപിക്ക് ഇല്ല.