പണം തട്ടിയെടുത്തതായി പരാതി (ETV Bharat) ഇടുക്കി : മലേഷ്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തതായി പരാതി. ഇടുക്കി തൊടുപുഴ സ്വദേശികളാണ് സുഹൃത്തിന്‍റെ തട്ടിപ്പിനിരയായത്. മലേഷ്യയിൽ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. തൊടുപുഴ മുട്ടം സ്വദേശികളായ ഷോണറ്റ്, അഞ്ജന മോഹന്‍, ജിപ്‌സി മോള്‍ ജയ്‌സണ്‍ എന്നിവരാണ് ജോലി തട്ടിപ്പിനിരയായത്.
അർമേനിയയിൽ ജോലി ചെയ്യുന്ന തൊടുപുഴ മുട്ടം സ്വദേശി കെജെ അമലിനെതിരെയാണ് ഇവര്‍ പൊലീസിൽ പരാതി നല്‍കിയത്. മലേഷ്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്‌ദാനം ചെയ്‌ത അമൽ 2,20,000 രൂപ വീതം ഇവർ അടക്കം ആറ് പേരിൽ നിന്നും വാങ്ങുകയായിരുന്നു. അമലും കൂട്ടാളികളായ ജിബിന്‍ സണ്ണി, ഹരിപ്പാട് സ്വദേശികളായ ജോണ്‍, മനോജ് എന്നിവരും ചേര്‍ന്നാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി.
ആറുമാസം മുമ്പാണ് അമലിന് ഇവര്‍ പണം നല്‍കിയത്. പിന്നീട് ജോലിയും പണവും ലഭിക്കാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരാള്‍ക്ക് വിമാന ടിക്കറ്റും വര്‍ക്ക് പെര്‍മിറ്റും അയച്ചുനല്‍കിയെങ്കിലും ഇത് വ്യാജമായിരുന്നെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെ ജോലിയ്ക്കായി രേഖകള്‍ തയാറാക്കിയ കോട്ടയം സ്വദേശി 60,000 രൂപ വീതം നാലുപേര്‍ക്ക് മടക്കി നല്‍കി.
ഇപ്പോള്‍ അര്‍മേനിയയിലുള്ള അമലിനെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാറില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. അമലിന്‍റെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും ഇവരും ഒഴിഞ്ഞുമാറുകയായിരുന്നു. അമലും സംഘവും നേരത്തെയും ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.
ALSO READ:സ്വർണ ഖനിയിൽ ജോലി വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ