തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ തിരുവനന്തപുരം നഗരസഭ റെയിൽവേയോട് ആവശ്യപ്പെടും. ബിജെപി കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ജോയിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ കൗൺസിൽ തീരുമാനിച്ചത്. ജോയിയുടെ കുടുംബാംഗങ്ങൾക്ക് നഗരസഭ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിനിടെ ബിജെപി പ്രതിഷേധം ഉയർത്തിയിരുന്നു.
ബാനറുകളും ഫ്ലക്‌സ് ബോർഡുകളും ഉയർത്തി കൗൺസിൽ യോഗത്തിനിടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ഇതിനിടെ റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് ഡിആർ അനിൽ വാക്കാൽ പ്രമേയം അവതരിപ്പിക്കുയായിരുന്നു.