കേരളം

kerala

ETV Bharat / state

വോട്ടര്‍ പട്ടിക ഇരട്ടിപ്പ്: പരാതി പരിശോധിക്കാൻ പ്രത്യേക ടീം രൂപീകരിച്ച് ജില്ല കലക്‌ടർ - vote doubling complaint

വോട്ടര്‍ പട്ടികയിൽ ഇരട്ടിപ്പ് ആരോപിച്ചുള്ള പരാതി പരിശോധിക്കാൻ പ്രത്യേക ടീം രൂപീകരിച്ച് 7 അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാരെ നിയോഗിച്ചതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ADOOR PRAKASH COMPLAINT  ACTION IN VOTE DOUBLING COMPLAINT  വോട്ടര്‍ പട്ടിക ഇരട്ടിപ്പ് പരാതി  COMPLAINT AGAINST VOTE DOUBLING
Vote Doubling: District Collector Took Action on Adoor Prakash Complaint

By ETV Bharat Kerala Team

Published : Apr 5, 2024, 11:33 AM IST

തിരുവനന്തപുരം : ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിൽ ഇരട്ടിപ്പ് ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി അടൂര്‍ പ്രകാശ് എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാരെ നിയോഗിച്ചു. 1,72,015 പേരുടെ ലിസ്റ്റ് പരിശോധിക്കും. ഇതിനായി പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തുന്നതിന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ 7 അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാരെ നിയോഗിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ല കലക്‌ടറുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു.

ഓരോ മണ്ഡലങ്ങളിലെയും സ്‌പെഷ്യല്‍ ടീം അവരവരുടെ മണ്ഡലങ്ങളിലെ കേസുകള്‍ ബൂത്ത് അടിസ്ഥാനത്തില്‍ തരംതിരിക്കുകയും അതാത് ബൂത്ത് ലെവല്‍ ഓഫിസര്‍ക്ക് പരിശോധനക്കായി കൈമാറിയതായും അറിയിച്ചു. അതാത് ബൂത്തുകളിലെ വോട്ടര്‍ പട്ടിക പൂര്‍ണമായും ബൂത്ത് ലെവൽ ഓഫിസർമാർ പരിശോധിക്കണം. ഇരട്ടിപ്പിന് കാരണമാകാവുന്ന സ്ഥലത്ത് ഇല്ലാത്തതോ, മരണപ്പെട്ടതോ, മണ്ഡലത്തിൽ നിന്ന് മാറി താമസിച്ചതോ (absent/death/shifted) ആയ കേസുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം ബോധ്യപ്പെട്ട കേസുകള്‍ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.

വിശദമായ പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ അടൂർ പ്രകാശ് നൽകിയ ലിസ്റ്റിലെ 1,72,015 കേസുകളില്‍ 439 കേസുകള്‍ (0.26%) മാത്രമാണ് ഇരട്ടിപ്പായി കണ്ടെത്തിയിട്ടുള്ളത്. ഇത് ബന്ധപ്പെട്ട ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറിയതായും ഈ 439 കേസുകളും വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കിയതായും ജെറോമിക് ജോർജ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കാലളവിലെ എച്ച്2എച്ച് (H2H) പരിശോധന, കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന ശുദ്ധീകരണ പ്രക്രിയകള്‍, കരട് പട്ടികയിന്മേല്‍ ലഭ്യമായ ആക്ഷേപങ്ങളുടെ തീര്‍പ്പാക്കല്‍, തുടര്‍ന്നുള്ള എച്ച്2എച്ച് പരിശോധന തുടങ്ങിയ ഘട്ടങ്ങളില്‍ ക്രിയാത്മകമായ രീതിയില്‍ വോട്ടര്‍ പട്ടിക സംശുദ്ധമാക്കുന്നതിന് നടപടി സ്വീകരിച്ചു.

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍:

വീടുവീടാന്തരം പരിശോധന : 21-07-2023
ആകെ വോട്ടര്‍മാര്‍ : 1375415
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം : 14
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍ : 14
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം : 0.001

കരട് വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം : 17-10-2023
ആകെ വോട്ടര്‍മാര്‍ : 1362551
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം : 107
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍ : 107
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം: 0.008

അന്തിമ വോട്ടര്‍പട്ടികയുടെ പ്രസിദ്ധീകരണം : 22-01-2024
ആകെ വോട്ടര്‍മാര്‍ :1373827
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം :1661
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍ : 1661
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം : 0.12

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം നാളിതുവരെയുള്ള ശുദ്ധീകരണ പ്രവൃത്തികള്‍ : 04-04-2024 വരെ
ആകെ വോട്ടര്‍മാര്‍ : 1396805
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം : 1649
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍ : 1649
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം : 0.12

ഇതുവരെ ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം : 3431
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍ : 3431
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം : 0.24

ഇതിന് പുറമെ ഇരട്ടിപ്പായി കണ്ടെത്തിയിട്ടുള്ള 85 കേസുകള്‍ എഎസ്‌ഡി (ASD) ലിസ്റ്റാക്കി പോളിങ് സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. അടൂർ പ്രകാശിന്‍റെ പരാതിയിൽ ഒരു വോട്ടര്‍ക്ക് അതേ മണ്ഡലത്തിലോ സമീപ മണ്ഡലങ്ങളിലോ ഒരേ ബൂത്തിലോ വ്യത്യസ്‌ത ബൂത്തുകളിലോ ആയി ഒന്നില്‍ കൂടുതല്‍ വോട്ടുകള്‍ ഉള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്.

വോട്ടര്‍മാര്‍ സ്ഥലംമാറി പോകുന്ന സാഹചര്യം, ഫോട്ടോ സാമ്യതയുള്ള (PSE) കേസുകള്‍, പേര്, അഡ്രസ് തുടങ്ങിയ ഡെമോഗ്രാഫിക് വിവരങ്ങള്‍ സാമ്യതയുള്ള (DSE) കേസുകള്‍, ഒരാള്‍ ഒന്നിലധികം തവണ അപേക്ഷ സമര്‍പ്പിക്കുന്ന സാഹചര്യം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇരട്ടിപ്പുകള്‍ വരാന്‍ സാധ്യതയുണ്ട്‌. അതിനാൽ അത്തരം കേസുകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി പരിശോധിക്കുകയും ഇത്തരം നടപടികളിലൂടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്‌തു.

ആറ്റിങ്ങല്‍ പാര്‍ലമെൻ്റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ 8.32% ഇരട്ട വോട്ടുകളാണെന്നാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയുടെ വിവിധ ഘട്ടങ്ങളിലുള്ള ശുദ്ധീകരണ പ്രക്രിയകളിലൂടെ ഇതുവരെ 0.24% ഇരട്ടിപ്പുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ 8.32% ഇരട്ടിപ്പുകള്‍ വന്നിട്ടുണ്ടെന്നുള്ള ആക്ഷേപം വാസ്‌തവ വിരുദ്ധമാണ്.

27-10-2023 ലെ കരട് പട്ടികയില്‍, 1,72,015 ഇരട്ട വോട്ടുകളായിരുന്നു. അടൂർ പ്രകാശ് നല്‍കിയ ലിസ്റ്റ് പരിശോധിച്ചതിൽ കണ്ടെത്തിയ 439 ഇരട്ടിപ്പു കേസുകള്‍ ഉള്‍പ്പെടെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ തുടങ്ങിയ 21-07-2023 മുതല്‍ ഇതുവരെ വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ നടത്തിയതില്‍ ആകെ 3431 കേസുകള്‍ മാത്രമാണ് ഇരട്ടിപ്പായി കണ്ടെത്തിയിട്ടുള്ളത്. ഈ 3431 ഇരട്ടിപ്പുകളും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

അതിനാൽ 22,985 ഇരട്ട വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നുള്ള പരാമര്‍ശം അടിസ്ഥാനരഹിതമാണ്. കരട് പട്ടികയില്‍ നിന്നും 22,985 ഇരട്ട വോട്ടുകള്‍ നീക്കം ചെയ്‌തുവെങ്കിലും പിന്നീട് ഇരട്ട വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തതിനാലാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ 1,64,006 ഇരട്ട വോട്ടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന ആക്ഷേപത്തിൽ അടൂര്‍ പ്രകാശ് സമര്‍പ്പിച്ച പരാതിയുടെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് വോട്ടര്‍ പട്ടിക ക്രിയാത്മകമായ നടപടികളിലൂടെ ശുദ്ധീകരിച്ചിട്ടുള്ളത്.

കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നാളിതുവരെ കണ്ടെത്തിയ 3431 ഇരട്ടിപ്പുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണെന്നും ഇപ്രകാരം സൂക്ഷ്‌മവും സുതാര്യവുമായ നടപടി കളിലൂടെ വോട്ടര്‍ പട്ടിക സംശുദ്ധമാക്കിയിട്ടുള്ളതാണെന്നും അതിനാൽ 1,64,006 ഇരട്ട വോട്ടുകള്‍ നിലവിലുണ്ടെന്നുള്ള ആക്ഷേപം വാസ്‌തവ വിരുദ്ധമാണെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.

Also Read: 'മരണപ്പെട്ടവർക്കും വോട്ട് ചെയ്യാൻ അവസരം'; വീണ്ടും ഇരട്ട വോട്ട് ആരോപണവുമായി അടൂർ പ്രകാശ്

ABOUT THE AUTHOR

...view details