എറണാകുളം: കേന്ദ്ര ബജറ്റ് ജനപ്രിയമെന്ന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ്. കേന്ദ്ര ബജറ്റിൽ മധ്യവർഗത്തെയും മുതിർന്ന പൗരന്മാരെയും ഒരുപോലെ പരിഗണിച്ചുവെന്ന് പ്രസിഡന്‍റ് വീരമണി ഇടിവി ഭാരതിനോട് പറഞ്ഞു. കേന്ദ്ര ബജറ്റിന്‍റെ ഏറ്റവും വലിയ ആകർഷണം ആദായ നികുതിയുടെ പരിധി 12 ലക്ഷമാക്കി ഉയർത്തിയത് തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ടിഡിഎസ് പരിധി ഉയർത്തിയത് മുതിർന്ന പൗരന്മാർക്ക് നിരവധി നേട്ടങ്ങളാണ് നൽകുന്നത്. റിട്ടേയേർഡ് ആയ മുതിർന്ന പൗരന്മാർ ജോലിയിലുണ്ടായിരുന്ന വേളയിൽ നടത്തിയ നിക്ഷേപം പിൻവലിക്കുമ്പോൾ നികുതി നൽകണമെന്ന നിർദേശം എടുത്ത് കളഞ്ഞിട്ടുണ്ട്.
മധ്യവർഗ സമൂഹത്തിന്‍റെ കയ്യിൽ പണം കൂടുതൽ വന്നാൽ മാത്രമേ രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് ഇന്നലെ പുറത്തുവന്ന സാമ്പത്തിക സർവേയിൽ തന്നെ ചൂണ്ടികാണിച്ചിരുന്നു. മധ്യവർഗ സൂഹത്തിന്‍റെ കയ്യിൽ പണമെത്തിക്കാനുള്ള ഏക പോംവഴി ആദായ നികുതിയുടെ പരിധി ഉയർത്തുക എന്നതായിരുന്നു. അതാണ് കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആദായ നികുതിയിളവും നേട്ടങ്ങളും:ആദായ നികുതിയുടെ ആദ്യത്തെ സ്ലാബിൽ 80,000 രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. ആദായ നികുതിയുടെ പരിധി ഉയർത്തിയത് മധ്യവർഗ സമൂഹത്തിന്‍റെ വാങ്ങൽ ശേഷി ഉയർത്തും. നേരത്തെ വാർഷിക വരുമാനം 10 ലക്ഷത്തിൽ കൂടുതലുള്ളവരിൽ നിന്നും 30 ശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോൾ അത് 24 ലക്ഷത്തിന് മുകളിൽ വരുമാനം വരുന്നവർക്കായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക