എറണാകുളം: മത്സ്യത്തൊഴിലാളികൾക്ക് ഇനി ഭാഗ്യ പരീക്ഷണം വേണ്ട, കടലില്‍ മീനുള്ള സ്ഥലം ഡ്രോണുകള്‍ കാണിച്ച് തരും. കൊച്ചിയിലെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) ആണ് മത്സ്യബന്ധന മേഖലയിൽ ഡ്രോൺ ഉപയോഗത്തിന്‍റെ സാധ്യതകൾ പരിചയപ്പെടുത്തിയത്. ഡ്രോണ്‍ പറത്തി സമുദ്രത്തില്‍ മത്സ്യലഭ്യത ധാരാളമുള്ള കടൽ ഭാഗങ്ങളുടെ വിവരം ശേഖരിച്ച് മത്സ്യത്തൊഴിലാളികള്‍ക്കു ലഭ്യമാക്കാനുള്ള പദ്ധതിയാണ് സിഎംഎഫ്ആര്‍ഐ തയ്യാറാക്കുന്നത്.
വലയും വള്ളവുമായി ഭാഗ്യമന്വേഷിച്ച് നടുക്കടലില്‍ ഒരു രാത്രി മുഴുവന്‍ അലഞ്ഞ് വെറുംകയ്യോടെ തീരമണയുന്ന മത്സ്യത്തൊഴിലാളികള്‍, തീരദേശത്തിന്‍റെ പതിവ് ദൈന്യതയാണ്. മത്സ്യച്ചാകരയുള്ള സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തി മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ കൂട്ടി വിവരം നല്‍കുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കില്‍ അത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ സഹായകമാകുമായിരുന്നു. അത്തരത്തിലൊരു ഡ്രോണ്‍ സാങ്കേതിക വിദ്യാ സഹായമാണ് സിഎംഎഫ്ആര്‍ഐ അവതരിപ്പിക്കുന്നത്. കടലിലെ ഭാഗ്യ പരീക്ഷണത്തിന് മുതിര്‍ന്ന് വെറും കയ്യോടെ മടങ്ങാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വള്ളം നിറയെ മീനുമായി സന്തോഷത്തോടെ മടങ്ങാം.
മത്സ്യത്തൊഴിലാളികൾക്ക് സഹായിയായി ഡ്രോണുകൾ (ETV Bharat) കടലിലെ കൂടുമത്സ്യ കൃഷി മുതല്‍ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ സമയവും ചിലവും കുറച്ച് കൂടുതല്‍ ഫലപ്രദമാക്കി മാറ്റാന്‍ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്‌ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് ഇടിവി ഭാരതിനോടു പറഞ്ഞു. മത്സ്യ ബന്ധന മേഖലയ്‌ക്ക് പുറമെ കാര്‍ഷിക മേഖലയിലും ഡ്രോണ്‍ ഉപയോഗിക്കാന്‍ വഴിയൊരുക്കുകയാണ് സിഎംഎഫ്ആര്‍ഐ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊക്കാളി പാടങ്ങളില്‍ ഞാറു നടാന്‍ നിലവിൽ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്. പിടികൂടാന്‍ കഴിയുന്ന മത്സ്യങ്ങളുടെ വലിപ്പം കൃത്യമായി നിര്‍ണയിക്കാനും ഈ ഡ്രോണിനെ ആശ്രയിക്കാം. ഇതിന് പുറമെ ജലാശയങ്ങളിലെ ശാസ്‌ത്രീയ പഠനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. മത്സ്യമേഖലയിലുള്ളവര്‍ക്കിടയില്‍ ഇതിന് സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നതിനുള്ള ബോധവല്‍കരണ ശ്രമങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യ കൃഷി മേഖലയിലും ഡ്രോണ്‍
സിഎംഎഫ്ആര്‍ഐയുടെ ഡ്രോണ്‍ സാങ്കേതികവിദ്യാ സഹായങ്ങള്‍ ഇവിടം കൊണ്ടോന്നും തീരുന്നില്ല. കൂടുകളില്‍ കൃഷി ചെയ്യുന്ന മീനുകളുടെ പരിപാലനത്തിനും ഡ്രോണുകളെ ഉപയോഗപ്പെടുത്താം. ഡ്രോണുകളുടെ വരവോടെ മീനുകളുടെ ആരോഗ്യസ്ഥിതി അറിയാന്‍ മത്സ്യ കര്‍ഷകന്‍ ഇനി വെള്ളത്തില്‍ ഇറങ്ങേണ്ടതില്ല. മത്സ്യങ്ങളെ കൃത്യമായി നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഡ്രോണിന് കഴിയും.
കര്‍ഷകര്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് തീറ്റ വിതരണം ചെയ്യാനുള്ള ബുദ്ധിമുട്ടിനും പരിഹാരമാകുന്നു. ഡ്രോണുകളില്‍ വളര്‍ത്തുമത്സ്യങ്ങള്‍ക്ക് തീറ്റയെത്തിക്കും. വെള്ളത്തിന്‍റെ മലിനീകരണം മൂലം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്ന മത്സ്യക്കുരുതിക്ക് കാരണമാകുന്ന ഇക്കാലത്ത് ഡ്രോണില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് വെള്ളത്തിന്‍റെ ഗുണനിലവാര പിശോധന നടത്താം. ഇതിനെല്ലാം പുറമെ മത്സ്യ കൃഷിയുടെ വിളവെടുപ്പും ഡ്രോണുകള്‍ ഉപയോഗിച്ച് നടത്താം. കേട്ടാല്‍ ഞെട്ടരുത്, നൂറ് കിലോഗ്രാം വരെ മത്സ്യം വഹിച്ച് പത്ത് കിലോമീറ്റര്‍ നിസാരമായി സഞ്ചരിക്കാന്‍ ഡ്രോണിന് കഴിയും. മത്സ്യ ഫാമുകളില്‍ നിന്ന് ആവശ്യാനുസരണം ജീവനുള്ള മത്സ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനും ഇനി ഡ്രോണ്‍ രംഗത്തുണ്ടാകും.
കടല്‍ കൂടുകൃഷിക്ക് പ്രധാന വെല്ലുവിളിയാകുന്ന അപകടകാരികളായി ആല്‍ഗകളുടെ വളര്‍ച്ചയും വ്യാപനവും നേരത്തെ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും. പൊക്കാളി പാടങ്ങളില്‍ വിത്ത് വിതയ്ക്കാനും തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്‌തനികളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ പ്രയോജനപ്പെടും. ദുരന്തനിവാരണം എളുപ്പമാക്കാന്‍ അടിയന്തിര ഘട്ടങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ എത്തിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താനാകും. ഡ്രോണുകള്‍ ഉപയോഗിച്ച് മത്സ്യങ്ങള്‍ എത്തിക്കുന്നതും, മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കുന്നതും, ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലൈഫ് ജാക്കറ്റുകള്‍ വിതണം ചെയ്യുന്നതും കൊച്ചിയിലെ സിഎംഎഫ്ആര്‍ഐ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.
കടലിലെ കൂടുമത്സ്യകൃഷിക്ക് പുറമെ കടല്‍ സസ്‌തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടര്‍വാട്ടര്‍ ഇമേജിങ്, ജലാശയ മാപ്പിങ് തുടങ്ങിയവക്കായി ഡ്രോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, ജനപ്രിയമാക്കുന്നതിനുമാണ് സിഎംഎഫ്ആര്‍ഐ ലക്ഷ്യമിടുന്നത്.
വേമ്പനാട് കായലിലെ ജലഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ ഏറെ ഉപകരിക്കും. മാത്രമല്ല, കടലില്‍ ഉപരിതലമത്സ്യങ്ങള്‍ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും അതുവഴി മീന്‍പിടുത്തം എളുപ്പമാക്കാനും ഡ്രോണ്‍ ഉപയോഗം അവസരമൊരുക്കും.
കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്‍റ് ബോര്‍ഡും സിഎംഎഫ്ആര്‍ഐയും സംയുക്തമായാണ് മത്സ്യ ബന്ധന മേഖലയില്‍ ഡ്രോണ്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മത്സ്യബന്ധന മേഖലയില്‍ ഡ്രോണ്‍ ഉപയോഗത്തിന്‍റെ വലിയ സാധ്യതകളാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തുറന്നിടുന്നത്. ഡ്രോണ്‍ ക്യാമറകളും, ഡ്രോണ്‍ വെപ്പണുകളും കണ്ടും കേട്ടുമറിഞ്ഞിട്ടുള്ളവരുടെ പുതിയ ലോകത്ത്, മത്സ്യ കര്‍ഷകന്‍റെ സഹായിയായി ഡ്രോണുകളെ മാറ്റുകയാണ് സിഎംഎഫ്ആര്‍ഐ.
Also Read:ചാകര കണ്ടെത്തും, മീന്‍കൃഷി ഫാമുകളില്‍ നിന്ന് പിടക്കുന്ന മീനെത്തിക്കും; ഡ്രോണ്‍ വിപ്ലവത്തിന് സിഎം എഫ് ആര്‍ഐ