തിരുവനന്തപുരം:സംസ്ഥാനത്ത്അമീബിക് മസ്‌തിഷ്‌ക ജ്വരം നിയന്ത്രണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണമെന്നും കുട്ടികളിലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
സ്വിമ്മിങ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.
എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം:കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന 'ബ്രെയിന്‍ ഈറ്റര്‍' എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ്അമീബിക് മസ്‌തിഷ്‌ക ജ്വരം.