തിരുവനന്തപുരം:വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം. തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തം മൂലം മുടങ്ങിയ വിദ്യാര്‍ഥികളുടെ പഠനം പുനരാരംഭിക്കാനുള്ള നടപടികളും വേഗത്തില്‍ നടത്തും. ഇതിന്‍റെ കാര്യങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വയനാട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാദൗത്യങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
93 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 10042 പേരാണ് ഇവിടെ കഴിയുന്നത്. ചൂരല്‍മലയില്‍ നിന്നുള്ള 1107 പേരും ക്യാമ്പിലുണ്ട്. ദുരന്ത മേഖലയിലും ചാലിയാറിലും ദൗത്യ സംഘം തെരച്ചില്‍ തുടരുന്നു.
40 ടീമുകള്‍ ആറ് സെക്‌ടറുകളിലായാണ് തെരച്ചില്‍ നടത്തുന്നത്. രാവിലെ ഏഴ് മുതലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്ത നിവാരണ സേനയില്‍ നിന്ന് 160 പേര്‍, വനം വകുപ്പിലെ 56 പേര്‍ പൊലീസിലെ 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 640 പേര്‍, തമിഴ്‌നാട് ഫയര്‍ ഫോഴ്‌സിലെ 44 പേര്‍, കേരള പൊലീസ് ഇന്ത്യന്‍ ബറ്റാലിയനില്‍ നിന്നുള്ള 55 പേര്‍ എന്നിങ്ങനെയാണ് ദുരന്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണക്കുകള്‍. ഇതുകൂടാതെ ആറ് നായകള്‍, തമിഴ്‌നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള 7 പേര്‍, അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍ റോഡ് ജിവിഎച്ച്എസ്എസ് വെള്ളാര്‍മല എന്നിവിടങ്ങളിലാണ് തെരച്ചില്‍.
പതിനൊന്ന് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്താനായി. തകര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ജീവന്‍ കണ്ടെത്താന്‍ ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പതിനാറ് അടി താഴ്‌ച വരെയുള്ള ജീവന്‍റെ അനക്കം കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും. മണ്ണില്‍ പുതഞ്ഞ ശരീര ഭാഗങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ ബെയ്‌സ്‌ഡ് റഡാര്‍ ഡല്‍ഹിയില്‍ നിന്ന് ഇന്ന് എത്തിക്കും. ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്.
അട്ടമലയിലെ ഉള്‍വനത്തില്‍ നിന്ന് ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തി. പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചിലും ആരംഭിച്ചു. കേരള പൊലീസിലെ 866 ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് നിയോഗിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.