ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ പുനരധിവാസത്തിനായി കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് (ഓഗസ്റ്റ് 27) ഡല്‍ഹിയില്‍ വച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11 മണിയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാകും കൂടിക്കാഴ്‌ച.
പുനരധിവാസത്തിനുള്ള കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറും. സംസ്ഥാന സര്‍ക്കാരിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കൂടാതെ കേരളത്തിൽ എയിംസ്, വന്യ ജീവി അക്രമണങ്ങൾ, ഓണം പ്രമാണിച്ച കടമെടുപ്പ് വിഷയങ്ങളും ഇന്നത്തെ കൂടിക്കാഴ്‌ചയിൽ ചർച്ചയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.