കേരളം

kerala

ETV Bharat / state

വയനാട് ദുരന്തം: പരസ്‌പരം പഴി ചാരാനുള്ള സമയമല്ലിത്, മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്‌തുവെന്ന് മുഖ്യമന്ത്രി - pinarayi about wayanad landslide - PINARAYI ABOUT WAYANAD LANDSLIDE

വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നു. പരസ്‌പരം പഴി ചാരാനുള്ള സമയമല്ലെന്നും അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് മറുപടി.

wayanad landslide updates  wayanad landslide latest news  pinarayi vijayan  wayanad landslide death toll
Pinarayi vijayan (ETV Bharat)

By ETV Bharat Kerala Team

Published : Jul 31, 2024, 4:33 PM IST

Updated : Jul 31, 2024, 5:49 PM IST

തിരുവനന്തപുരം:വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്‌ചകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേത്. ഈ രണ്ടു പ്രദേശങ്ങളും ഇല്ലാതായിരിക്കുന്നു.

ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ദുരന്ത മേഖലയില്‍ നിന്ന് പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുകയും ചെയ്യുന്നുണ്ട്.

രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്‍റെ നേട്ടമാണ്. ആദ്യ ഘട്ടത്തില്‍ ദുരന്തമുണ്ടായത്തിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്.

ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ തുടര്‍ന്നുള്ള രക്ഷാ ദൗത്യത്തിന്‍റെ ഫലമായി രക്ഷിച്ചു. ഇതില്‍ 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

വയനാട് ജില്ലയിലാകെ നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ എട്ട് ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേര്‍ ഈ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ രംഗത്ത്

പുഴയിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെത്തുന്ന മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സജ്ജീകരണങ്ങളും പ്രവര്‍ത്തന നിരതമാണ്.

നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘത്തേയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. അതില്‍ 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളും, 94 എന്‍.ഡി.ആര്‍ഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു. കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും ഇന്നലെ എത്തിച്ചേര്‍ന്നിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍ പാലത്തിലൂടെ റെസ്ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രധാന പരിഗണനയാണ് നല്‍കുന്നത്. റോഡ് തടസ്സം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.

അഗ്നിരക്ഷ സേന, കേരള പൊലീസ്, വിവിധ സേന വിഭാഗങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ എല്ലാം ചേര്‍ന്ന് ഏകോപിതവും വേഗത്തിലുള്ളതുമായ രക്ഷാ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ന് തിരുവനന്തപുരത്തു നിന്നും 132 സേനാംഗങ്ങള്‍ കൂടി എത്തി. കണ്ണൂര്‍ (ഡി എസ് സി യില്‍ നിന്ന് ആറ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളുണ്ട്.

താല്‍ക്കാലികമായി ഒരാള്‍ക്ക് നടക്കാനുള്ള പാലം ചൊവ്വാഴ്‌ച സന്ധ്യയോടെ സജ്ജമായി. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വേഗം കൂട്ടി. പാലത്തിലൂടെ ആളുകളെ ചൂരല്‍മലയിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്നു. വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ചും കുരുങ്ങി കിടന്ന ആളുകളെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.

ഇന്‍റലിജന്‍റ് ബറീഡ് ഒബ്‌ജക്‌ട് ഡിറ്റക്ഷന്‍ സിസ്റ്റം

ഇന്‍റലിജന്‍റ് ബറീഡ് ഒബ്‌ജക്‌ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. ഇതിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായം തേടിയിട്ടുണ്ട്.

എന്‍ഡിആര്‍എഫിന്‍റെ മൂന്ന് ടീമുകളുണ്ട്. മദ്രാസ് റെജിമെന്‍റ്, ഡിഫെന്‍സ് സര്‍വീസ് കോര്‍പ്‌സ് എന്നിവര്‍ ഡിങ്കി ബോട്ടുകളും വടവും ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നു.

ലോക്കല്‍ പൊലീസിന്‍റെ 350 പേര്‍ സ്ഥലത്തുണ്ട്. കേരള പൊലീസിന്‍റെ കഡാവര്‍ നായകള്‍, ഹൈ ആള്‍ട്ടിട്യൂഡ് ടീം, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവയും ഉണ്ട്.

രണ്ട് ഹെലികോപ്റ്ററുകള്‍, കണ്‍ട്രോള്‍ റൂം

രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എ.എല്‍.എച്ച്, എം ഐ-7 ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ താലൂക്ക് തല കണ്‍ട്രോള്‍ റൂം തുടങ്ങി. മന്ത്രിമാര്‍ നേരിട്ട് സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.

വനംവകുപ്പിന്‍റെ 55 അംഗങ്ങള്‍, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ സര്‍വ്വസജ്ജമായി ചൂരല്‍മലയിലുണ്ട്.

മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയില്‍ 32 പേരില്‍ 26 പേരെ കണ്ടെത്തി. ഇതില്‍ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. മേപ്പാടി പോളിടെക്‌നിക്കില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരല്‍മലയിലെ മദ്രസയിലും പള്ളിയിലും താല്‍ക്കാലിക ക്ലിനിക് തയാറാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം വേഗത്തില്‍

പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കൂടുതല്‍ ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാവിലെ കിട്ടിയ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഓരോ അര മണിക്കൂര്‍ ഇടവിട്ട് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി വരുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കണ്ടെത്താനെത്തുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമൊരുക്കി. ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയില്‍ ജനിതക പരിശോധനയ്ക്കായി സാമ്പിളുകളെടുക്കുന്നുണ്ട്.

എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടേയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറാക്കി.

കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീം വയനാട്ടിലേക്ക് എത്തി. സര്‍ജറി, ഓര്‍ത്തോപീടിക്സ്, കാര്‍ഡിയോളജി, സൈക്കാട്രി, ഫോറെന്‍സിക് വിഭാഗങ്ങളിലെ ഡോക്ടമാരെയും നഴ്‌സുമാരെയും അധികം നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘത്തെയും നിയോഗിച്ചു.

വൈദ്യസഹായത്തിന് കണ്‍ട്രോള്‍ റൂം

രക്ഷപ്പെട്ടു വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്‍റ് സൗകര്യമൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. ആവശ്യത്തിന് ഡോക്‌ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉള്‍പ്പെടെ നാല് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘം വരാന്‍ തയ്യാറായിരിക്കുകയാണ്.

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്‍റില്‍ വെള്ളം വിതരണം ചെയ്യാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തും. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരല്‍മലയില്‍ ജെസിബി നില്‍ക്കുന്ന സ്ഥലം മുതല്‍ കണ്‍ട്രോള്‍ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കും.

വൈദ്യുതി പുനഃസ്ഥാപിച്ചു

ചൂരല്‍മല ടെലിഫോണ്‍ എക്സ്ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കല്‍പ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. ദുരന്തഭൂമിയോട് ചേര്‍ന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തി.

പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്‌ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായത്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാന്‍സ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

പാലം നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചു

ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരല്‍ മലയില്‍ നിന്ന് താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിക്കും. ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തില്‍ നിന്ന് ഇറക്കിയ പാലം നിര്‍മാണ സാമഗ്രികള്‍ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരല്‍മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു. പാലം നിര്‍മാണം പുരോഗമിക്കുകയാണ്. നാളത്തേക്ക് പാലം പൂർണ നിലയിൽ എത്തിക്കാനാകും എന്നാണ് ഇന്നത്തെ അവലോകനയോഗത്തിൽ അവർ പറഞ്ഞത്.

ദുരന്ത സാഹചര്യത്തെ നേരിടാനുള്ള അടിയന്തര നടപടികള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനും ദുരന്ത മേഖലയില്‍ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍, ജനറേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ഉള്ള ഇന്ധനലഭ്യത ഉറപ്പുവരുത്താന്‍ ഓയില്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തബാധിത മേഖലയില്‍ പ്രവര്‍ത്തന യോഗ്യമല്ലാതായ റേഷന്‍ കടകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കും

ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മേപ്പാടി, കല്‍പ്പറ്റ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കല്‍പ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട് ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സിഎംഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റെഡ് അലര്‍ട്ട് ഇല്ല

ഇന്ന് എവിടെയും റെഡ് അലര്‍ട്ട് നിലവില്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടില്ല. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ അതിശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെയും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മറ്റന്നാളും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്‌ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കഴിഞ്ഞദിവസം സൂചിപ്പിച്ചതുപോലെ ആ നാടിനെ പുനര്‍ നിര്‍മ്മിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.കടമയാണ്. മക്കളെ നഷ്‌ടപ്പെട്ട അച്‌ഛനമ്മമാര്‍, അച്‌ഛനമ്മമാര്‍ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍ അങ്ങനെ ആരോരും ഇല്ലാതായി ഒരു രാത്രി കൊണ്ട് ഒറ്റപ്പെട്ടു പോയ മനുഷ്യര്‍. ഇനി എങ്ങനെ മുമ്പോട്ട് ജീവിതം എന്ന് വിറങ്ങലിച്ച് നില്‍ക്കുന്നവരാണ് ഏറെയും. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനും ആ നാടിനെ പുനര്‍ നിര്‍മ്മിക്കാനും നാം ഒന്നിച്ച് ഇറങ്ങേണ്ടതുണ്ട്. എല്ലാത്തരത്തിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആ നാടിനൊപ്പം ആണ്. എങ്കിലും ഒരു ആയുസ്സിലെ മുഴുവനും നഷ്‌ടപ്പെട്ടവര്‍ക്ക് പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

സഹായഹസ്‌തങ്ങള്‍

ഇതിനോടകം സഹായഹസ്‌തങ്ങളുമായി എല്ലാ മേഖലയില്‍ നിന്നും സുമനസ്സുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്‌ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി.

തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ച് കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി കൈമാറി. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവരെല്ലാം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

സഹായ വസ്‌തു ശേഖരണം നിര്‍ത്തണം

ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയിലേക്ക് വയനാട് ജില്ല ഭരണസംവിധാനത്തിന്‍റെ മേല്‍നോട്ടത്തില്‍ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളും ശേഖരിക്കുന്നുണ്ട്. അത് കൃത്യമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ എന്ന പേരില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ ഒഴിവാക്കേണ്ടതാണ്. സന്നദ്ധ സംഘടനകളുടെ പേരില്‍ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്‌തുക്കളുടെ ശേഖരണം നിര്‍ത്തിവെക്കണം. ഈ ഘട്ടത്തില്‍ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ല. അതുകൊണ്ട് അതില്‍ പങ്കാളികള്‍ ആയിരിക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. ശേഖരിച്ച വസ്‌തുക്കള്‍ അതത് ജില്ലകളിലെ കളക്‌ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ദുരന്തനിവാരണ അതോറിറ്റി അറിയിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

അമിത് ഷായുടെ ആരോപണത്തിന് മറുപടി

മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്‌തു. പ്രളയസാധ്യതയും ഉരുള്‍പൊട്ടല്‍ സാധ്യതയുമുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തത്തിന് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 48 മണിക്കൂറിനിടെ 572 മില്ലിമീറ്റര്‍ മഴ പെയ്‌തു. ജൂലൈ 23 മുതല്‍ 28 വരെ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. പരസ്‌പരം പഴി ചാരാനുള്ള സമയമല്ലിത്.

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൊണ്ടായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. ദുരന്തമുണ്ടാകുമ്പോഴെല്ലാം ഇത് പറയുന്നത് നമ്മുടെ രീതിയായി മാറിയിരിക്കുകയാണ്. പ്രളയം വന്നപ്പോഴും അത് തന്നെ പറഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Also Read:വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാദൗത്യം ഊര്‍ജിതമാക്കി സൈന്യം, നിരവധി പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി

Last Updated : Jul 31, 2024, 5:49 PM IST

ABOUT THE AUTHOR

...view details