കോഴിക്കോട് :അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിക്കോട് കൊട്ടാരം റോഡിലുള്ള സിതാര എന്ന എംടിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സിപിഎം നേതാവ് ഇപി ജയരാജന്‍, മേയർ ബീന ഫിലിപ്പ്, ജില്ല കലക്‌ടർ സ്നേഹിൽ കുമാർ സിങ് എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു.
നേരത്തെ മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത് എന്നും ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്‍റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക