തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാറ്റം ഇപ്പോള്‍ സാധ്യമല്ലെന്ന് തുറന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം മറ്റൊരു അവസരത്തില്‍ പരിഗണിക്കാമെന്ന് പറഞ്ഞ് നേതാക്കളെ തിരിച്ചയക്കുകയായിരുന്നു.
ഇന്ന് (ഒക്‌ടോബര്‍ 3) വൈകുന്നേരത്തോടെയാണ് ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി പിസി ചാക്കോയും തോമസ് കെ തോമസും മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെത്തി കണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം തങ്ങള്‍ക്ക് അനുകൂലമാണെന്നും അതിനാല്‍ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നുമാറ്റി തോമസ് കെ തോമസിനെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്നും ഈ വിഭാഗം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഒരു മന്ത്രിസഭ പുനഃസംഘടനയ്ക്കുള്ള സമയമല്ലെന്നും പ്രത്യേകിച്ചും നിയമസഭ സമ്മേളനം നാളെ (ഒക്‌ടോബര്‍ 4) ആരംഭിക്കാനിരിക്കെ ഇക്കാര്യം ആലോചിക്കാന്‍ പോലുമാകില്ലെന്ന് മുഖ്യമന്ത്രി പിസി ചാക്കോയോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഏതായാലും നിയമസഭ സമ്മേളനം കഴിയട്ടെ അതിനുശേഷം ഇക്കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി അവരെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ട് മന്ത്രിമാറ്റം ഇപ്പോള്‍ കഴിയില്ലെന്ന് തോമസ് കെ തോമസിനോടും പിസി ചാക്കോയോടും മുഖ്യമന്ത്രി കൃത്യമായി വ്യക്തമാക്കുകയും ചെയ്‌തു. കൂടിക്കാഴ്‌ചയ്ക്കുശേഷം പുറത്തുവന്ന പിസി ചാക്കോയും തോമസ് കെ തോമസും ഇക്കാര്യം സമ്മതിച്ചു. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും അങ്ങനെ പറയുമ്പോള്‍ ഇന്നുതന്നെ വേണമെന്ന് വാശിപിടിക്കാനാകില്ലെന്നുമായിരുന്നു പിസി ചാക്കോയുടെ പ്രതികരണം.
അതേസമയം മന്ത്രിമാറ്റം പൂര്‍ണമായും എന്‍സിപിയുടെ ആഭ്യന്തര കാര്യമാണെന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ചാക്കോ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നത്തെ ഇടപെടലോടെ ചാക്കോ വിഭാഗം തത്കാലം പിന്‍വാങ്ങുകയാമെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രിയുടെ സംരക്ഷണയില്‍ തത്കാലം ആശ്വാസം നേടിയിരിക്കുകയാണ് എകെ ശശീന്ദ്രന്‍. എങ്കിലും താമസിയാതെ വീണ്ടും ഈ പ്രശ്‌നം ഉയര്‍ന്നുവരുമെന്ന് മുഖ്യമന്ത്രിക്കും ശശീന്ദ്രനും അറിയാം. എങ്കിലും തത്‌കാലം ജീവന്‍ വീണുകിട്ടിയെന്ന് ശശീന്ദ്രന് ആശ്വസിക്കാം.
Also Read:എൻസിപിയിൽ മന്ത്രിമാറ്റത്തിന്‍റെ സൂചനകൾ; തോമസ് കെ തോമസ് പുതിയ മന്ത്രിയായേക്കും, പ്രഖ്യാപനം ഒരാഴ്‌ചക്കകമെന്ന് റിപ്പോർട്ടുകള്‍