കോഴിക്കോട് :നിങ്ങളുടെ മനസ് സംഘപരിവാർ മനസാണോ അതോ മതനിരപേക്ഷ മനസാണോ എന്ന് രാഹുൽ ഗാന്ധിയോട് വീണ്ടും ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേതഗതിയിൽ വ്യക്തമായ നിലപാട് കോൺഗ്രസിനില്ല. ആർഎസ്എസ് ജനിച്ച കാലം മുതൽ മതനിരപേക്ഷതയ്‌ക്ക് എതിരാണെന്നും മുഖ്യമന്ത്രി. വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറമേരിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയ്‌ക്കും ആർഎസ്എസ് എതിരാണ്. മതാധിഷ്‌ഠിത രാഷ്‌ട്രമാണ് അവരുടെ അജണ്ട. ഇത് നടപ്പാക്കാൻ രാജ്യത്ത് കലാപങ്ങൾ, വംശഹത്യ, കൂട്ട കുരുതി എല്ലാം നടന്നു. അവർ നേരത്തെ തന്നെ കരുതി കൂട്ടിവച്ചതാണിത്. ഗുജറാത്തിലെയും മണിപ്പൂരിലെയും വംശഹത്യ അതിൻ്റ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് നയമാണ് മോദി നടപ്പാക്കുന്നത്. രണ്ടാമൂഴത്തിലാണ് ആർഎസ്എസ് അജണ്ടയായ പൗരത്വം മതാധിഷ്‌ഠിതമാക്കിയത്. ഇന്ത്യയെ അമേരിക്കയുടെ കാൽക്കീഴിൽ എത്തിച്ചത് മോദി സർക്കാരാണ്.
2019 ഡിസംബറിൽ രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം നടക്കുമ്പോൾ കോൺഗ്രസിനെ എവിടെയും കണ്ടില്ല. ബിജെപിക്കെതിരായുള്ള യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ കോൺഗ്രസിനെ വിമർശിക്കാതിരിക്കുമെന്ന് ചോദിച്ച മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിൽ വ്യക്തമായ നിലപാട് കോൺഗ്രസിനില്ലെന്നും ആവർത്തിച്ചു. വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി.