കോഴിക്കോട് : നവകേരള സദസിന്‍റെ (Navakerala sadas) തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന, വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം ഇന്ന് കോഴിക്കോട് നടക്കും. സംസ്ഥാനത്തെ കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള 2000 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും (CM Mukhamukham Programme).
മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവർ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖത്തിനെത്തും.
60 പേര്‍ മുഖ്യമന്ത്രിയുമായി നേരില്‍ സംവദിക്കും. നവവൈജ്ഞാനിക സമൂഹമായി കേരളത്തെ എങ്ങനെ മാറ്റാം എന്നതിലേക്ക് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ആരായുന്ന വേദിയാകും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം എന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരള സൃഷ്‌ടിക്കായുള്ള വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചര്‍ച്ച ചെയ്യും.