എറണാകുളം :കൊച്ചിൻ ഇൻ്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്‌എൽ) നടത്തുന്ന എവിയേഷൻ അനുബന്ധ കോഴ്‌സുകൾക്ക് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്)യുടെ അംഗീകാരം. മന്ത്രി പി രാജീവ്, സിയാൽ മാനേജിങ് ഡയറക്‌ടറും സിഐഎഎസ്എൽ ചെയർമാനുമായ എസ് സുഹാസ് ഐഎഎസ്, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. പി ജി ശങ്കരൻ എന്നിവരുടെ സാന്നിധ്യത്തിൽ, കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
കുസാറ്റിനെ പ്രതിനിധീകരിച്ച് രജിസ്ട്രാർ ഡോ. വി ശിവാനന്ദൻ ആചാരിയും സിഐഎഎസ്എൽ അക്കാദമിക്ക് വേണ്ടി സിഐഎഎസ്എൽ മാനേജിങ് ഡയറക്‌ടർ സന്തോഷ് ജെ പൂവട്ടിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത്, സിയാലിലെയും കുസാറ്റിലെയും ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ, സിയാൽ അക്കാദമി കുസാറ്റിൻ്റെ അംഗീകൃത സ്ഥാപനമായി മാറും. അക്കാദമിയിൽ പരിശീലനം നേടിയവർക്ക് പരീക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ കുസാറ്റിൻ്റെ അംഗീകാരത്തോടു കൂടി കോഴ്‌സുകൾ പൂർത്തീകരിക്കാനാവും.