തൃശൂര്‍ :ക്രിസ്‌മസ് ന്യൂ ഇയർ വിപണി കീഴടക്കുകയാണ് തൃശൂരിന്‍റെ സ്വന്തം ജയിൽ കേക്കുകൾ. വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം ഫുഡ് യൂണിറ്റിലാണ് രുചിയിലും ഗുണത്തിലും ഏറെ മുന്നിൽ നിൽക്കുന്ന കേക്കുകളുടെ നിർമാണം. മറ്റു സെൻട്രൽ ജയിലുകളിലും ഫുഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കേക്ക് നിർമാണം വിയ്യൂർ ജയിലിൽ മാത്രമാണുളളത്.
വിപണിയിൽ ലഭിക്കുന്ന കേക്കുകളിൽ ഭൂരിഭാഗവും എസൻസുകളും, പ്രിസർവേറ്റീവുകളും ചേർത്ത് നിർമിക്കുമ്പോൾ, വിയ്യൂരിലേത് യഥാർഥ പഴങ്ങൾ ചേർത്തും, പ്രിസർവേറ്റീവുകളും, ആല്‍ക്കഹോളും ചേർക്കാതെയുമാണ് നിർമാണം. അതുകൊണ്ടു തന്നെ ഈ കേക്കുകൾക്ക് മൂന്ന് ദിവസം മാത്രമാണ് കാലാവധി. എന്നിരുന്നാലും രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണ് ഈ കേക്കുകൾ.
ബനാന, ഗ്രേപ്പ്, കാരറ്റ് എന്നീ മൂന്ന് ഫ്രൂട്ട് കേക്കുകൾ ക്രിസ്‌മസ്, ന്യൂ ഇയർ സീസൺ പ്രമാണിച്ചും പ്ലം കേക്കുകൾ സ്ഥിരമായും ഇവിടെ നിർമിക്കുന്നുണ്ട്. ജയിലിനു മുന്നിലെ ഫ്രീഡം ഫുഡ് ഷോപ്പിലൂടെയാണ് വിൽപന. സീസണിൽ പ്രതിദിനം 50,000 രൂപയുടെ കേക്കുകൾ വിൽപന നടത്തുന്നുണ്ട്.