ഇടുക്കി:തളര്‍ന്ന് പോയവര്‍ക്ക് താങ്ങായി നിന്ന് ഒറ്റപ്പെട്ടവരെ ഒപ്പം നിര്‍ത്തി കൂട്ടായ്‌മയിലൂടെ ആഘോഷിക്കുമ്പോഴാണ് ക്രിസ്‌മസ് ആഘോഷം അര്‍ഥവത്താകുന്നത്. ഈ സന്ദേശമാണ് ഇടുക്കി സേനാപതി പഞ്ചായത്തിലെ മാങ്ങാതൊട്ടിയെന്ന ഗ്രാമം കഴിഞ്ഞ ആറ് വര്‍ഷമായി ഓരോ ക്രിസ്‌മസ് കാലത്തും ലോകത്തിന് പകര്‍ന്ന് നല്‍കുന്നത്. ക്രിസ്‌തുവിന്‍റെ കാരുണ്യ പ്രവൃത്തികളെ സ്‌മരിച്ച് നിരാലംബരായവര്‍ക്ക് സംയുക്ത കരോള്‍ ഗാനം പാടി സഹായം എത്തിക്കുകയാണ് മാങ്ങാത്തൊട്ടി എന്ന കൊച്ചു ഗ്രാമം. ആറ് വര്‍ഷമായി നാടാകെ ഒന്നിച്ച് കരോള്‍ പാടി കിട്ടുന്ന തുക നിര്‍ധനര്‍ക്കും ചികിത്സ തേടുന്നവര്‍ക്കും ഇവര്‍ നല്‍കി വരുന്നു.
കാന്തിപ്പാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി, മാങ്ങാത്തൊട്ടിയിലെ സെൻ്റ് ജോൺസ് സിഎസ്ഐ പള്ളി, സെൻ്റ്. ജോൺസ് യാക്കോബായ പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് കാരുണ്യ കരോൾ സംഘടിപ്പിച്ച് വരുന്നത്. കരോള്‍ നടത്തി കിട്ടുന്ന തുക സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിച്ച് നല്‍കും. ആത്മീയ ഉണര്‍വും ആഘോഷവും മാത്രമല്ല ജീവകാരുണ്യ ദിനം കൂടിയാണ് ഓരോ ക്രിസ്‌മസും മാങ്ങാത്തൊട്ടി എന്ന ഗ്രാമത്തിന്. സമൂഹത്തിന് മാതൃക പകരുന്ന രീതിയിൽ സംയുക്ത കരോൾ നടത്തി സാമൂഹ്യ സേവനം നടത്തുന്ന മാങ്ങാത്തൊട്ടിയെന്ന കാർഷിക ഗ്രാമത്തിന് പിന്തുണയുമായി നിരവധിപേരാണ് എത്തുന്നത്.
താളമേളങ്ങളുടെയും ക്രിസ്‌മസ് ഗാനങ്ങളുടെയും അകമ്പടിയോടെ വിപുലമായ രീതിയിലാണ് കരോൾ നടക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പുണ്യ പ്രവർത്തിക്കായി ഒത്തുചേരുന്നു. ഉണ്ണിയേശു കാലിത്തൊഴുത്തിൽ ഭുജാതനായത് ലോക ശാന്തിയ്ക്കും. സമാധാനത്തിനും പുറമെ നിർധനർക്കും അശരണർക്കും തണലേകാനാണ് എന്ന വലിയ സന്ദേശമാണ് മാങ്ങാത്തൊട്ടിയിലെ ഈ സംയുക്ത ക്രിസ്‌മസ് ആഘോഷ പരിപാടി പകർന്ന് നൽകുന്നത്.
ക്രിസ്‌മസ് ആഘോഷ നിറവിൽ ഇടുക്കി മലയോരമേഖല
വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പള്ളികളുടെയും നേതൃത്വത്തിൽ ആഘോഷങ്ങളുടെ ഉത്സവ ലഹരിയിലാണ് ഇടുക്കി ഹൈറേഞ്ച് മേഖല. മലയോര മേഖലയിലെ വിവിധ സംഘടനകളും പള്ളികളുമാണ് ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഗ്രാമങ്ങളിലെ ചെറു പട്ടണങ്ങൾ കേന്ദ്രീകരിച്ചാണ് ക്രിസ്‌മസ് ആഘോഷങ്ങളും മത്സരങ്ങളും നടക്കുന്നത്. ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ടൗണുകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഇടുക്കി ജില്ലയുടെ മലയോര മേഖലയെ ഉത്സവലഹരിയിലാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക