തിരുവനന്തപുരം : ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയിൽ ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി. ഈരാറ്റുപേട്ടയിൽ മുസ്ലിം വിഭാഗത്തെ മാത്രം പൊലീസ് തെരഞ്ഞുപിടിച്ച് അറസ്‌റ്റ് ചെയ്‌തു എന്ന് ഹുസൈൻ മടവൂർ സദസ്സിൽ ഉന്നയിച്ചു. എന്നാല്‍ ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തരം ആണെന്നും പള്ളി വികാരിക്ക് നേരെ വണ്ടി കയറ്റുകയായിരുന്നുവെന്നും തലനാരികയ്‌ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളുടെ ഒരു കൂട്ടം എന്നു പറഞ്ഞാൽ എല്ലാവരും ഉൾപ്പെടും എന്നാണ് കരുതുന്നത് എന്നാൽ അതിൽ മുസ്ലിം വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവരെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്താം എന്നും ഹുസൈൻ മടവൂരിനെ പോലെയുള്ളവർ തെറ്റിദ്ധാരണ പടർത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂഞ്ഞാർ സെന്‍റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഭവത്തിൽ 27 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് പ്രതി ചേര്‍ത്തിരുന്നത്. ഇവരിൽ പത്ത് പേര്‍ പ്രായപൂര്‍ത്തിയായവരായിരുന്നില്ല. മാത്രമല്ല എല്ലാവര്‍ക്കും ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈൻ മടവൂര്‍ മുഖാമുഖം പരിപാടിയിൽ ഉന്നയിച്ചത്. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
മുഖാമുഖത്തിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി :അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖാമുഖം പരിപാടിയിലാണ് സംഭവം. തന്‍റെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കിയതിന് ശേഷം ''ഇത്രയും ഭംഗിയായ പ്രസംഗം കാഴ്‌ചവച്ച മുഖ്യമന്ത്രിക്ക് നന്ദി''എന്ന അവതാരകയുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.